കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ സീനിയര്‍ മാനേജര്‍ എം.പി. റിജില്‍ പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ ഗെയിമുകളിലും ഓഹരിവിപണയിലുമെന്ന് സൂചന.രജില്‍ തട്ടിയെടുത്ത പണത്തിലേറെയും പിതാവിന്‍റെ അക്കൗണ്ടിലേക്കാണ് മാറ്റിയതെങ്കിലും ഈ അക്കൗണ്ടിലും ഇപ്പോള്‍ കാര്യമായ ബാലന്‍സില്ലെന്നാണ് വിവരം. ഇത്രയും പണം എങ്ങനെ ചെലവഴിച്ചുവെന്നതിലടക്കം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. സാധാരണ കുടുംബത്തിലെ അംഗമായ റിജിലിന്റെ മുക്കത്തെ വീട് ഉള്‍പ്പടെ കേന്ദ്രീകരിച്ച് ടൗണ്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. റിജില്‍ പുതിയ വീട് നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന് 80 ലക്ഷം രൂപ ബാങ്ക് വായ്പയുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് റിജിലിന്റെ ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.രജില്‍ കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്നും പണം ആദ്യം അച്ഛന്‍റെ അക്കൗണ്ടിലേക്കായിരുന്നു മാറ്റിയത്. പിന്നീട് രജിലിന്‍റെ തന്നെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലേക്ക് പണം മാറ്റിയ ശേഷമാണ് ഓഹരി വിപണയിലടക്കം നിക്ഷേപിച്ചത്. രജില്‍ പിടിയിലായാല്‍ മാത്രമേ പണത്തിന്‍റെ വിനിയോഗം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂ.