ഇന്ത്യൻ സിനിമയുടെ ചക്രവർത്തിയും ‘കിംഗ് ഖാൻ’ എന്ന് ആരാധകർ സ്നേഹബഹുമാനങ്ങളോടെ വിളിക്കുന്ന അതുല്യ പ്രതിഭ ഷാരൂഖ് ഖാൻ ഇന്ന് (നവംബർ 02) അറുപതാം പിറന്നാൾ. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേർന്ന് സമൂഹമാധ്യമങ്ങളിലൂടെ എത്തുന്നത്. ഒരു വ്യക്തിയെ രാജ്യങ്ങൾക്കപ്പുറം സ്നേഹിക്കുന്നതിൻ്റെ നേർക്കാഴ്ചയാവുകയാണ് ഈ പിറന്നാൾ ദിനം.
ഷാരൂഖ് ഖാന്റെ അറുപതാം പിറന്നാൾ ദിനം യുഎഇ ആഘോഷമാക്കുന്നത് ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചുകൊണ്ടാണ്. പതിവ് പോലെ മുംബൈയിലെ അദ്ദേഹത്തിൻ്റെ വസതിയായ മന്നത്ത് മൻസിലിന്റെ ബാൽക്കണിയിൽ ഷാരൂഖ് ഇന്നും എത്തും എന്ന വലിയ പ്രതീക്ഷയിലാണ് ആരാധകർ. നവംബർ 2 എന്ന തീയതിയിലെ സിനിമാ പ്രേമികളുടെ മനസ്സിലെ ഒരു ഫോട്ടോഗ്രാഫിക് മെമ്മറി കൂടിയാണ് മന്നത്തിൻ്റെ ബാൽക്കണിയിൽ നിന്ന് ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്ന ഷാരൂഖ് ഖാൻ.

