തന്നെ കേരള രാഷ്ട്രീയത്തിൽ നിന്ന് ഇല്ലാതാക്കാൻ വേണ്ടി ചിലർ പ്രവർത്തിക്കുന്നുവെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ. കുടകരയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ തിരൂർ സതീഷന് പിന്നിൽ താനെന്ന് പ്രചാരണം നടത്തിയെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ തന്റെ പേര് വിളിച്ചു പറയുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. താൻ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ഇപി ജരാജൻ അടക്കമുള്ളവർ ആഗ്രഹിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
താൻ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാപ്രവൃത്തികളും ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം മുന്നോട്ട് കൊണ്ടുപോകും. കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ അങ്ങനെ ഒഴിവാക്കാൻ എളുപ്പമല്ല. കേരള രാഷ്ട്രീയത്തിൽ തന്നെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ശോഭാ സുരേന്ദ്രൻ എന്ന പൊതുപ്രവർത്തക കേരള രാഷ്ട്രീയത്തിൽ ഉണ്ടാകരുതെന്ന് ഒന്നാമതായിട്ട് ആഗ്രഹിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമത് ഗോകുലം ഗോപാലൻ. മൂന്നാമതായി ആഗ്രഹിക്കുന്നത് എന്റെ കൂടെ പാർട്ടി മാറാൻ വേണ്ടി ഡൽഹി വരെ എത്തിയ, രാമനിലയത്തിലെ 101-ാം നമ്പർ മുറിയിൽ താമസിച്ച, 107-ാം നമ്പർ മുറിയിൽ ലെഡ്ജറിൽ ഒപ്പുവെച്ച് മുറിയെടുത്ത ശോഭാ സുരേന്ദ്രനെ കാണാൻ 102-മത്തെ മുറി കടന്ന് വരാൻ ബുദ്ധിമുട്ടുണ്ട്, ആ മുറിയിൽ മന്ത്രി രാധാകൃഷ്ണൻ ഉണ്ട് എന്ന് പറഞ്ഞ ഇപി ജയരാജനാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കരുവന്നൂർ കേസ് തെളിയിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ദേശീയതലത്തിൽ ആഭ്യന്തരമന്ത്രിയെ കണ്ട ഒരാളാണ് ഞാൻ. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടിയാണത്. കരിമണൽ കർത്തയുടെ ഓഫറിനെ മാറ്റിവെച്ച്, വലിയവലിയ കുത്തക മുതലാളിമാർ പണം തന്ന് വിലക്കെടുക്കാൻ ശ്രമിച്ചപ്പോൾ പോടാ പുല്ലെ എന്ന് പറഞ്ഞ് കേരളത്തിന്റെ മുമ്പിൽ സത്യത്തിന് വേണ്ടി പ്രവർത്തിച്ച സ്ത്രീക്കെതിരേ എന്തടിസ്ഥാനത്തിലാണ് ഈ മാധ്യമപ്രവർത്തകർ പ്രവർത്തിച്ചത്. കരുവന്നൂർ കേസ് അവസാനിച്ചിട്ടില്ല. ഒരു രാത്രികൊണ്ട് ചില മുതലാളിമാർ എങ്ങനെ ഉണ്ടായി എന്നും ആ മുതലാളിമാർക്ക് എവിടെ നിന്നാണ് കോടികൾ വന്നതെന്നും ഡൽഹിയിലെ ആഭ്യന്തര വകുപ്പിന്റെ മുന്നിൽ പോയി പറയിപ്പിക്കാൻ ആർജ്ജവവും നട്ടെല്ലുമുള്ള ഒരു സ്ത്രീയാണ് താനെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പ്രത്യേക രാഷ്ട്രീയ നേതാക്കളെ നിലനിർത്താനും ചില ആളുകളെ ഇല്ലായ്മ ചെയ്യാനും മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി പ്രവർത്തകന്മാരെക്കൊണ്ട് ആരാന്റെ ചിലവിൽ ശോഭാ സുരേന്ദ്രനെതിരായിട്ട് റിഥം സൃഷ്ടിക്കാനാകുമോ എന്നാണ് ചിലർ പരിശ്രമിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.