ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗത്തിൽ പുതിയ തീരുമാനം. വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം നടത്താം. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ ഇടത്താവളങ്ങളില്‍ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് ഉണ്ടാവുക. പമ്പയില്‍ അഞ്ചും എരുമേലിയിലും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകള്‍ ഉണ്ടായിരിക്കും.എന്നാൽ സ്‌പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന പാസില്‍ ബാര്‍കോഡ് സംവിധാനം ഉണ്ടാകും. പരിശോധന പോയിന്റുകളിൽ സ്‌കാൻ ചെയ്യുമ്പോൾ ഭക്തരുടെ വിവരങ്ങൾ ലഭിക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. അതിനായി തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും കരുതണം.
അതേസമയം, ശബരിമല റോപ് വേ പദ്ധതിക്ക് വേണ്ടിയുള്ള പകരം ഭൂമി കൈമാറ്റം നവംബർ 14ന് നടക്കും. കൊല്ലം ജില്ലയിലെ കട്ടളപ്പാറയിൽ 4.56 ഹെക്ടർ ഭൂമിയാണ് വനംവകുപ്പിന് കൈമാറുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത വനഭൂമിക്ക് പകരം റവന്യൂ ഭൂമി 14ന് കൈമാറും. രണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ദാമോദർ കേബിൾ കാർസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ. ബി.ഒ.ടി മാതൃകയിലാണ് നിർമ്മാണം നടക്കുക. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പോലീസ് ബാരക്ക് വരെ 2.7 കിലോമീറ്റർ ദൂരത്തിൽ ആണ് റോപ് വേ.