മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ തുടർച്ചയായി ആനകൾ ചെരിയുന്നു. മൂന്ന് ദിവസത്തിനിടെ 10 ആനകളാണ് ചെരിഞ്ഞത്. ശേഖരിച്ച സാമ്പിളുകൾ ഉത്തർപ്രദേശിലെ ഐസിഎആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാഗറിലെ ഫോറൻസിക് ലബോറട്ടറിയിലേക്കും അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. കടുവാ സങ്കേതത്തിലെ ഖിതോലി റേഞ്ചിന് കീഴിലുള്ള സങ്കാനിയിലും ബകേലിയിലും ചൊവ്വാഴ്ച നാല് കാട്ടാനകളെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ബുധനാഴ്ചയും നാല് ആനകളാണ് ഇവിടെ ചെരിഞ്ഞത്. തൊട്ടടുത്ത ദിവസമായ വ്യാഴാഴ്ച രണ്ട് കാട്ടനകളെയും ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ആനകളുടെ ശരീരത്തിൽ വിഷാംശം ഉണ്ടോയെന്നും മരണകാരണം എന്താണെന്നും കണ്ടെത്താനായി സാമ്പിളുകൾ ജബൽപൂർ ആസ്ഥാനമായുള്ള സ്‌കൂൾ ഓഫ് വൈൽഡ് ലൈഫ് ഫോറൻസിക് ആൻഡ് ഹെൽത്തിലേയ്ക്ക് (എസ്‌ഡബ്ല്യുഎഫ്എച്ച്) അയച്ചിട്ടുണ്ടെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എൽ. കൃഷ്ണമൂർത്തി നേരത്തെ അറിയിച്ചിരുന്നു. റിപ്പോർട്ടുകൾ വന്നതിന് ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തിലെത്താൻ കഴിയൂ എന്നും കോഡോ മില്ലറ്റുകൾ മൂലമാകാം മരണകാരണമെന്ന് സംശയിക്കുന്നതായും മധ്യപ്രദേശ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.കെ.എൻ അമ്പാഡെ വ്യക്തമാക്കി.