ജലവിതരണ ശൃംഖലകൾ നവീകരിക്കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ ജലവിതരണ ശൃംഖലകൾ സമഗ്രമായി നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ശരാശരിപ്രകാരം പ്രതിദിനം ഒരാൾക്ക് 55 ലിറ്റർ ശുദ്ധ ജലമാണ് ഉറപ്പുവരുത്തേണ്ടത്. എന്നാൽ കേരളം 100 ലിറ്റർ ശുദ്ധ ജലം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും അതിനായി ജലവിതരണ ശൃംഖലകൾ നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലജീവൻ മിഷൻ നിർവ്വഹണ എജൻസികളുടെ പ്രവർത്തനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിലെ 53 ലക്ഷത്തിലധികം ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാനാണ് ജലജീവൻ മിഷനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതിനായി മികച്ച ജലസ്രോതസുകളിൽ നിന്നും ജലം കുറവുള്ള മേഖലകളിൽ എത്തിക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ആകെയുള്ള 2176 ജലസ്രോതസുകളിൽ 2151 ന്റെയും ഓഡിറ്റ് പൂർത്തിയാക്കിയിട്ടുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.
തദ്ദേശ ഭരണസ്ഥാപനങ്ങൾ ഈ പദ്ധതിയുടെ നിർവഹണത്തിൽ മുൻകൈയ്യെടുക്കണം. ജല വിതരണത്തിനായി പ്രത്യേക ആക്ഷൻ പ്ളാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷനായി. മന്ത്രി ആന്റണിരാജു, ജലജീവൻ മിഷൻ ഡയറക്റ്റർ വെങ്കിടേശപതി തുടങ്ങിയവർ പങ്കെടുത്തു.
മൃഗസംരക്ഷണവകുപ്പിൽ കരാർ നിയമനം
മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റെ പ്രവർത്തനങ്ങൾക്കായി വിവിധതസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. അസിസ്റ്റന്റ് എഡിറ്റർ, വീഡിയോ ഗ്രാഫർ, ഡിസൈനർ, ഐ ടി അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ളവർ നവംബർ 24, 25 തീയതികളിൽ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഡിസൈനർ, ഐ.റ്റി അസിസ്റ്റന്റ് തസ്തികയിലെ ഉദ്യോഗാർത്ഥികൾ 25 ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂവിന് ഹാജരാകേണ്ടത്. കൂടുതൽ അറിയാൻ ptotvm.ahd@kerala.gov.in. എന്ന ഇ- മെയിലിലോ 0471-2732918എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
സി ഡിറ്റ്: എഡിറ്റിങ് ജോലികൾക്കായി പാനൽ തയ്യാറാക്കുന്നു
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റലൈസേഷൻ പ്രോജക്ടുകളുടെ ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്കായി നിശ്ചിത യോഗ്യത ഉള്ളവരുടെ പാനൽ തയ്യാറാക്കുന്നു. താത്കാലികാടിസ്ഥാനത്തിലാണ് പാനൽ തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ൽ നവംബർ ഏഴിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതാണ്.
ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 5ന്
ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി നവംബർ 5ന് ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ നടക്കും. പൊതുജനങ്ങൾക്ക് മന്ത്രിയെ ഫോണിൽ വിളിച്ച് പരാതികൾ അറിയിക്കാം. വിളിക്കേണ്ട നമ്പർ: 8943873068.
പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിന് അപേക്ഷിക്കാം
2021-22 ലെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷിക്കാം. പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് www.scholarships.gov.in ൽ നവംബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
സ്‌കോളർഷിപ്പിനായി മാനുവൽ/ ഓഫ്ലൈൻ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷകർ 40 ശതമാനത്തിൽ കുറയാതെ ഡിസെബിലിറ്റിയുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കൽ ബോർഡ് / അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം പരമാവധി 2,50,000 രൂപയിൽ (ആകെ രണ്ടരലക്ഷം രൂപ) കവിയരുത്. കൂടുതൽ വിവരങ്ങൾ dcescholarships.kerala.gov.in എന്ന വെബ്സൈറ്റിലും postmatricscholarship@gmail.com ഇ-മെയിൽ ഐഡിയിലും ലഭ്യമാണ്.
തളിര് സ്‌കോളർഷിപ്പ് 2021-22 – രജിസ്‌ട്രേഷൻ നവംബർ 30 വരെ
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളർഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നവംബർ 30 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി ഓൺലൈനായിട്ടാണ് രജിസ്ട്രേഷൻ. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക.
പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂൾ സിലബസുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. 2022 ജനുവരി മാസത്തിലാവും ജില്ലാതല പരീക്ഷ. ജില്ലാതല മത്സരവിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000 രൂപയുടെ സ്‌കോളർഷിപ്പും 100 കുട്ടികൾക്ക് 500 രൂപയുടെ സ്‌കോളർഷിപ്പും ലഭ്യമാവും. കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികൾക്കായി 16 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകളാണ് വിതരണം ചെയ്യുക. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളർഷിപ്പുകളും നൽകും. കൂടുതൽ വിവരത്തിന് 8547971483, 0471-2333790, scholarship@ksicl.org.
അപൂർവ പുസ്തകങ്ങളുടെ വൈവിധ്യവുമായി നിയമസഭാമന്ദിരത്തിലെ പുസ്തക പ്രദർശനം
*പൊതുജനങ്ങൾക്കും പ്രവേശനം
മലയാള ദിനാഘോഷവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ മന്ദിരത്തിൽ മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തക പ്രദർശനം ശ്രദ്ധേയമാകുന്നു. നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ നടക്കുന്ന പുസ്തക പ്രദർശനം ഈമാസം ഏഴുവരെ നീണ്ടുനിൽക്കും.
അപൂർവ പുസ്തകങ്ങളും അമൂല്യ രേഖകളും, നാടകങ്ങളും, പഠനങ്ങളും, സാമാജികരുടെ പുസ്തകങ്ങളും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കൃതികളും ഉൾപ്പെടുന്ന പ്രദർശനത്തിനൊപ്പം സ്വാതന്ത്ര്യസമര ദൃശ്യങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശനവും ഉണ്ടാകും. പ്രദർശനം വീക്ഷിക്കാൻ പൊതുജനങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്.
സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കെ.എ.എസ് പ്രാഥമിക പരീക്ഷക്കുവേണ്ടി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട എന്നീ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും. താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു ഫോട്ടോ എന്നിവ സഹിതം 18ന് മുൻപ് തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം ഈ ഓഫീസിൽ നിന്നും ലഭിക്കും.
എം.ടെക് സ്‌പോട്ട് അഡ്മിഷൻ
എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജ് ബർട്ടൺഹിൽ, തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസ്സിപ്ലിനറീ എം.ടെക് ട്രാൻസിലേഷൻ എൻജിനിയറിങ് കോഴ്‌സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർക്കാർ സ്‌പോൺസേർഡ് വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാവുന്നതാണ്.
സാമൂഹിക പ്രതിബദ്ധതയും പുത്തൻ ആശയങ്ങൾ സ്വാംശീകരിക്കാനുള്ള ചേതനയുമാണ് ഈ കോഴ്‌സിന്റെ സവിശേഷതകൾ. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.in, www.gecbh.ac.in സന്ദർശിക്കുക. അല്ലെങ്കിൽ 7736136161, 9995527866 എന്ന നമ്പറിൽ ബന്ധപ്പെടുക. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കുവാൻ അഞ്ചിന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാവണം.
സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം അപേക്ഷ തീയതി നീട്ടി
സംസ്ഥാന യുവജനക്ഷേമ ബോർഡ് 2020ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷകൾ സമർപ്പിക്കാനുളള അവസാന തീയതി നവംബർ 20 വരെ ദീർഘിപ്പിച്ചു. മാർഗ്ഗനിർദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. www.ksywb.kerala.gov.in.
വയയോജനങ്ങൾക്കോയി ഹെൽപ് ലൈൻ -14567; പ്രവർത്തനം ആരംഭിച്ചു
മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കാനും അവരുടെ ക്ഷേമവും സുംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ 14567 എന്ന ടോൾ ഫ്രീ ഹൽപ്പ് ലൈൻ പ്രവർത്തനും ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മുഖേന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പൊഫ. ആർ ബിന്ദു നിർവഹിച്ചു. ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പദ്ധതിയുടെ ബ്രോഷറിന്റെയും പോസ്റ്ററിന്റെയും പ്രകാശനം നിർവഹിച്ചു. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഹെൽപ് ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് ഏതു ആവശ്യങ്ങൾക്കും 14567 എന്ന ടോൾഫ്രീ നമ്പറിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ബന്ധപ്പെടാം.
ഹെൽപ് ലൈൻ ആഴ്ചയിൽ എല്ലാദിവസവും പ്രവർത്തിക്കും. 60 വയസ് മുതലുള്ളവർക്കു സേവനം ലഭിക്കും. ഫോണിലൂടെയുള്ള സംശയ നിവാരണത്തിന് കാൾ ഓഫീസർമാരും, നേരിട്ടുള്ള ഇടപെടലുകൾക്കായി ഫീൽഡ് റെസ്പോൺസ് ഓഫീസർമാരും ലീഡേഴ്സും പ്രൊജക്ട് മാനേജരും അഡ്മിൻ /ഫിനാൻസ് ഓഫീസറും അടങ്ങുന്നതാണ് എൽഡർലൈൻ ടീം. ഹെൽപ്ലൈൻ വഴി ലഭിക്കുന്ന പരാതികൾ CRM പോർട്ടലിൽ രേഖപ്പെടുത്തും. പരാതിയുടെ സ്വഭാവം പരിശോധിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് തുടർനടപടി സ്വീകരിക്കാൻ കൈമാറും. നടപടി സ്വീകരിച്ചതായി ഉറപ്പാക്കുകയും ചെയ്യും. കേരള പോലീസ്, ഹെൽത്ത് ഡിപാർട്ട്മെന്റ്, ലീഗൽ സർവീസസ് അതോറിറ്റി, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, റവന്യു ഡിപ്പാർട്ട്മെന്റ് മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സുംയുക്ത സഹകരണത്തോടെയാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുക.
സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ വയോജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, അതുമായി ബന്ധപ്പെട്ടുള്ള പരാതികൾ, പെൻഷൻ/ സർക്കാർ സന്നദ്ധ സ്ഥാപനങ്ങൾ നടത്തുന്ന വൃദ്ധ സദനങ്ങൾ, വയോജന സംരക്ഷണ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ, മാർഗനിർദേശങ്ങൾ, മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ടുള്ള സഹായങ്ങൾ, മറ്റു നിയമ സഹായങ്ങൾ മുതിർന്ന പൗരൻമാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ആവശ്യമായ ഇടപെടലുകൾക്കും ഈ നമ്പറിൽ സഹായം ലഭിക്കും.
വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങൾക്കും കോവിഡാനന്തര മാനസിക സംഘർഷങ്ങൾക്കും പിൻതുണയും ലഭിക്കും. അഗതികളായ വയോജനങ്ങളുടെ പുനരധിവാസം, മാനസികവും ശാരീരികവുമായി ചൂഷണം നേരിടുന്ന പ്രായമായവർക്കുള്ള പിൻതുണയും ഉറപ്പാക്കാനാവും.
ഐസിഫോസിൽ കരാർ നിയമനം
സംസ്ഥാന ഐ റ്റി വകുപ്പിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഐസിഫോസ്സിൽ അസ്സിസ്റ്റന്റ് (അക്കൗണ്ട്സ്) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 5 വർഷം പ്രവൃത്തി പരിചയമുള്ള B.Com ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഈമാസം അഞ്ചിന് രാവിലെ 10ന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ ഐസിഫോസ്സ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് https://icfoss.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വിളിക്കേണ്ട നമ്പർ: 0471 2700012/13/14; 0471 2413013; 9400225962
മോട്ടോര്‍ കാബ് ഉടമകള്‍ക്ക് ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം പുന:സ്ഥാപിക്കാം
ഒറ്റത്തവണ നികുതി കുടിശ്ശിക അടക്കുന്നതിന് 2021 മെയ് മുതല്‍ ഇന്‍സ്റ്റാള്‍മെന്റ് അനുവദിക്കപ്പെട്ടതിന് ശേഷം വീഴ്ച വരുത്തിയതും 2021 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്തതുമായ മോട്ടോര്‍ കാബ്, ടൂറിസ്റ്റ് മോട്ടോര്‍ കാബ് വാഹന ഉടമകള്‍ക്ക് മുടക്കം വരുത്തിയ ഗഡുക്കള്‍ അടച്ച് ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം പുന:സ്ഥാപിക്കാം. വീഴ്ച വരുത്തിയ ഗഡുകള്‍ നവംബര്‍ 10നകം ഓഫീസില്‍ അടക്കുന്നപക്ഷം അവശേഷിക്കുന്ന ഏഴ് ദ്വൈമാസ ഇന്‍സ്റ്റാള്‍മെന്റ് സൗകര്യം പുനഃസ്ഥാപിച്ച് നല്‍കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്് ഓഫീസര്‍ അറിയിച്ചു.
ലേലം 10ന്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഭവന പദ്ധതിയിലെ സ്റ്റേജ് ഒന്നിലെയും രണ്ടിലെയും മേലാദായം ഒരു വര്‍ഷത്തേക്ക് എടുക്കുന്നതിനുളള അവകാശം നവംബര്‍ 10ന് രാവിലെ 11.30 ന് ചക്കോരത്ത്കുളം ഡിവിഷന്‍ ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 0495 2369545.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കൂടിക്കാഴ്ച എട്ടിന്
ഫുഡ് പ്രൊഡക്ഷന്‍ ട്രെയിനിങ് പ്രോഗ്രാം ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തെരഞ്ഞെടുക്കുന്നതിന് നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ കൂടിക്കാഴ്ച നടത്തും. ഹോട്ടല്‍ മാനേജ്മെന്റ് ബിരുദവും ഫുഡ് പ്രൊഡക്ഷന്‍ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0495 2385861.
കെയര്‍ടേക്കര്‍ നിയമനം
കൊയിലാണ്ടി, ബേപ്പൂര്‍ ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌ക്കൂളുകളില്‍ 710 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നതിന് നവംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അതത് സ്‌കൂളുകളില്‍ വാക്- ഇന്‍- ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. കൊയിലാണ്ടി ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ വനിതാ ഉദ്യോഗാര്‍ത്ഥികളെയും ബേപ്പൂര്‍ ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ പുരുഷ ഉദ്യോഗാര്‍ത്ഥികളെയും മാത്രമേ പരിഗണിക്കൂ. അപേക്ഷകര്‍ 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരും സ്ഥായിയായ രോഗങ്ങളില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയവരുമാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0495 2383780, കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് – 9497216061 , 7034645500, ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ബോയ്സ് – 8606210222.
പണയ ഉരുപ്പടികളോ നിക്ഷേപമോ കിട്ടാനുളളവര്‍ അറിയിക്കണം
കൈതപ്പൊയിലിലെ കെഎംഎല്‍ ലൈസന്‍സ് നം. 32110531132 മലബാര്‍ ഫൈനാന്‍സിയേഴ്സ് എന്ന സ്ഥാപനം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഈ സ്ഥാപനത്തില്‍നിന്നും പണയ ഉരുപ്പടികളോ നിക്ഷേപമോ തിരിച്ചു കിട്ടാനുളളവര്‍ 15 ദിവസത്തിനകം എരഞ്ഞിപ്പാലം ജവഹര്‍ നഗര്‍ കേരള സ്റ്റേറ്റ് ജിഎസ്ടി കോംപ്ലക്സിലെ ഡെപ്യൂട്ടി കമ്മീഷണറെ രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.
നീറ്റ്, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ 2021 മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ചവരും നീറ്റ്, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് ദീര്‍ഘകാല കോച്ചിംഗ് ക്ലാസ്സില്‍ പങ്കെടുത്തു പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് 2022 ലെ നീറ്റ്, എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് പരിശീലനം നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനം മുഖേന ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ ക്ലാസുകളാണ് നല്‍കുക. 2012 ലെ മെഡിക്കല്‍ പ്രവേശന പരീക്ഷാ പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും പരിഗണിക്കും. എന്നാല്‍ രണ്ടില്‍ കൂടുതല്‍ പരിശീലനങ്ങളില്‍ പങ്കെടുത്തവരെ വീണ്ടും പരിഗണിക്കില്ല. താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍ എന്നിവ വെള്ളകടലാസില്‍ രേഖപ്പെടുത്തി പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിന് തയ്യാറാണെന്ന രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് ടു പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പു സഹിതം നവംബര്‍ 12ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ട്രൈബല്‍ ഡിവലപ്മെന്റ് ഓഫീസിലോ കോടഞ്ചേരി/പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകര്‍ ലാപ്ടോപ്പ്, സ്മാര്‍ട്ട് ഫോണ്‍,ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ളവരായിരിക്കണം.
ലേലം 12 ന്
കോഴിക്കോട് റൂറല്‍ സബ്സിഡിയറി സെന്‍ട്രല്‍ പോലീസ് കാന്റീനു മുന്‍വശത്തായി റോഡിന് എതിര്‍വശം സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലുളള മഴമരത്തിന്റെ മുറിച്ചു മാറ്റിയ ശാഖകള്‍ നവംബര്‍ 12ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് 0496 2523031.
നാളെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് 4 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ (3) എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നാല് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
ആയുർവേദത്തെ കൂടുതൽ ജനകീയമാക്കും: മന്ത്രി വീണാ ജോർജ്
ആയുർവേദത്തെ കൂടുതൽ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകും. ആയുഷ് മേഖലയിൽ ഈ അഞ്ച് വർഷം കൊണ്ട് കൃത്യമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്ററിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. തടസങ്ങൾ എല്ലാം മാറ്റിക്കൊണ്ട് ഉടൻ നിർമ്മാണം ആരംഭിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ആറാമത് ആയുർവേദ ദിനാചരണം, വനിതാ ശിശുവികസന വകുപ്പുമായി ചേർന്നുള്ള ആയുഷ് വകുപ്പിന്റെ ശില്പശാല, കുട്ടികൾക്കുള്ള സമഗ്ര കോവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഓൺലൈൻ മുഖേന നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ദിനാചരണത്തിൽ മാത്രം ഒതുങ്ങാതെ ഒരു വർഷം നീളുന്ന വിവിധ പരിപാടികളാണ് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ‘പോഷണത്തിന് ആയുർവേദം’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടത്. പ്രകൃതിയുമായി ചേർന്നുള്ള കൃത്യമായ ഭക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്.
കുട്ടികൾ, കൗമാര പ്രായക്കാർ, ഗർഭിണികൾ, സൂതികകൾ എന്നീ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പൊതുവായി നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും രൂപരേഖ തയ്യാറാക്കുന്നതിനും കാലിക പ്രസക്തമായ ആഹാരരീതികൾ അവതരിപ്പിക്കുന്നതിനുമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
കേരളത്തിലെ 33,115 അങ്കണവാടികൾ കേന്ദ്രീകരിച്ച് പോഷണ സംബന്ധമായ ആയുർവേദ അറിവുകൾ പകർന്നു നൽകുകയും പ്രായോഗികമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യും. സർക്കാർ സ്വകാര്യമേഖലയിലെ 2000 ത്തോളം ഡോക്ടർമാരാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ആൺകുട്ടികൾ, ഗർഭിണികൾ, സൂതികകൾ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിന് പോഷണ സംബന്ധമായ ആയുർവേദ അറിവുകളും രീതികളും ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഉതകുന്ന കാര്യങ്ങളാണ് ബോധവൽക്കരണ ക്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബു മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം. ഡയറക്ടർ ഡോ. കെ.എസ്. പ്രിയ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ജയ്, ഹോമിയോ കോളേജ് പ്രിൻസിപ്പൽ ആന്റ് കൺട്രോളിംഗ് ഓഫീസർ ഡോ. സുനിൽരാജ്, വനിത ശിശു വികസന വകുപ്പ് അസി. ഡയറക്ടർ സുലക്ഷണ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. രാജു തോമസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. പി.ആർ. സജി എന്നിവർ പങ്കെടുത്തു.
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ ക്ലാസ് മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2021-2022 പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. അപേക്ഷ സമർപ്പിക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും സ്ഥാപനമേധാവികളും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ KYC രജിസ്‌ട്രേഷൻ അടിയന്തിരമായി എടുക്കേണ്ടതാണ്. KYC എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷകൾ വെരിഫിക്കേഷൻ നടത്തി സമർപ്പിക്കുവാൻ കഴിയില്ല.
ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. തൊട്ടു മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ (റിന്യൂവൽ അപേക്ഷകർക്ക് 50 ശതമാനം മാർക്ക് ബാധകമല്ല), തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പി.എച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും പ്ലസ് വൺ, പ്ലസ് ടു തലത്തിലുള്ള ടെക്‌നിക്കൽ/ വെക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾ മുൻ വർഷത്തെ രജിസ്‌ട്രേഷൻ ഐ.ഡി. ഉപയോഗിച്ചു റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ www.scholarships.gov.in, www.minorityaffairs.gov.in എന്ന വെബ്‌സൈറ്റ് ലിങ്കുകൾ വഴിയോ National Scholarship (NSP) എന്ന മൊബൈൽ ആപ്പിലൂടെയോ ഓൺലൈനായി സമർപ്പിക്കാം. സ്‌കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഫോൺ: 9446096580, 0471-2306580.
സെലക്ഷൻ ലിസ്റ്റ്
ജെ.പി.എച്ച്.എൻ. TC SC/ST-20th ബാച്ച് 2021-2023 -ലേക്ക് ANM കോഴ്‌സിലേക്ക് ക്ഷണിച്ച അപേക്ഷയിൽ സെലക്ഷൻ ലിസ്റ്റ് 10ന് പ്രസിദ്ധീകരിക്കും. തൈക്കാട് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിംഗ് ട്രെയിനിംഗ് സ്‌കൂൾ (എസ്/എസ്റ്റി) നോട്ടീസ് ബോർഡിൽ അന്ന് മുതൽ പരിശോധിക്കാം.
അവശകായികതാരങ്ങൾക്കുള്ള പെൻഷന് അപേക്ഷിക്കാം
അവകാശകായികതാരങ്ങൾക്കുള്ള പെൻഷന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. കായികരംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരും ഇപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരും 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരും പ്രതിവർഷം 1,00,000 രൂപയിൽ കൂടുതൽ വരുമാനം ഇല്ലാത്തവരുമായിരിക്കണം. കായികരംഗത്തു ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകൾ, വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ,് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 30 ന് മുമ്പായി ലഭിക്കുന്ന വിധം അപേക്ഷിക്കണം. അപേക്ഷയുടെ പകർപ്പ് അതാത് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറിക്കും നൽകണം. 30 ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷ ഫോറങ്ങളും വിശദവിവരങ്ങളും ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലും കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിലും ലഭ്യമാണ്. ഫോൺ: 0471-2330167, 2331546.
വിവരാവകാശ അപേക്ഷ ഓൺലൈനിൽ വെബ്‌പോർട്ടൽ പ്രവർത്തനം തുടങ്ങി
സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ നിയമം 2005 പ്രകാരം സമർപ്പിക്കുന്ന രണ്ടാം അപ്പീൽ, പരാതി അപേക്ഷകൾ എന്നിവ ഓൺലൈനായി സ്വീകരിക്കുന്നതിനായി NIC രൂപീകരിച്ച വെബ്‌പോർട്ടൽ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ കമ്മീഷണർമാരായ ഡോ. കെ.എൽ. വിവേകാനന്ദൻ, എസ്. സോമനാഥൻ പിള്ള, കെ. സുധാകരൻ, ശ്രീലത പി.ആർ, NIC യിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് വെരിഫൈഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് പരാതി/ അപ്പീൽ അപേക്ഷകൾ ഫയൽ ചെയ്യുന്നതിനും അതോടൊപ്പം ഫയൽ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനം വെബ് പോർട്ടലിൽ ലഭ്യമാണ്. വിലാസം: https://rti.sic.kerala.gov.in/
പി.എൻ.എക്സ്. 4211/2021
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഈ മാസം 27ന് പീരുമേടും ഡിസംബർ 2, 9, 23 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിങ് നടത്തും. തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും പരിഗണിക്കും.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവർ 2022 മുതൽ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റ് നവംബർ ഒന്നിനും ഡിസംബർ 31 നും ഇടയ്ക്ക് കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിൽ എത്തിക്കണം.
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകളാക്കി മാറ്റും: മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്തെ റേഷൻ കാർഡുകൾ ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്മാർട്ട് കാർഡുകൾ ആക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കടകൾ വഴി കൂടുതൽ പലവ്യഞ്ജനങ്ങളും മറ്റ് ഉല്പന്നങ്ങളും വിതരണം ചെയ്ത് കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പൊതു വിതരണ വകുപ്പ് പുതുതായി തയ്യാറാക്കിയ എ ടി എം കാർഡ് രൂപത്തിലുള്ള റേഷൻ കാർഡുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ എഫ് എസ് എ ഗോഡൗണുകളെ ആധുനിക വൽക്കരിക്കാൻ ആണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എൻ എഫ് എസ് എ ഗോഡൗണുകളിൽ നിന്ന് റേഷൻ വിതരണം ചെയ്യുന്ന വാഹനങ്ങൾ ജി പി എസ് ട്രാക്കിംഗ് നടപ്പിലാക്കും. പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള എല്ലാ കാര്യാലയങ്ങളിലും ഈ ഓഫീസ് പദ്ധതി 2022 ജനുവരിയോടു കൂടി നടപ്പിലാക്കുവാനാകുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. അഡീഷണൽ ചീഫ് സെക്രട്ടറി ടീക്കാറാം മീണ, സിവിൽ സപ്ളൈസ് ഡയറക്ടർ ഡി സജിത്ത് ബാബു, മോഹനകൃഷ്ണൻ പി വി എന്നിവർ ചടങ്ങിൽ സംസാരിച്ചു.