കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ,മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. 12 മണിക്കൂര്‍ നീണ്ട് നിന്ന് ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെ ഒന്നരയടെയാണ്ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് മുന്‍ മന്ത്രി ഇഡിക്ക് മുന്നില്‍ ഹാജരായത്.
ഇന്നലെയാണ് ദേശ്മുഖിന്റെ മൊഴി രേഖപ്പെടുത്താൻ അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഇഡി ഉദ്യോഗസ്ഥരുടെ സംഘം ഡൽഹിയിൽ എത്തിയത്. നേരത്തെ അഞ്ച് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ദേശ്മുഖ് നിഷേധിക്കുകയാണ് ഉണ്ടായത്. കൂടാതെ ഇഡിയുടെ സമന്‍സുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയേയും സമീപിച്ചിരുന്നു.കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം ഉയര്‍ന്നതോടെയായിരുന്നു അനില്‍ദേശ് മുഖ് ഈ വര്‍ഷം ആദ്യം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചത്.
ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിന് മുമ്പ് അന്വേഷണത്തിനോട് താന്‍ സഹകരിക്കുന്നുണ്ടെന്ന് വീഡിയോ സന്ദേശത്തിലൂടെ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു.
ഇഡിയുടെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശ്മുഖ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഒക്ടോബര്‍ 29 ന് തള്ളിയിരുന്നു. അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദേശിച്ചു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയായിരിക്കെ ദേശ്മുഖ് സസ്‌പെന്‍ഷനിലുള്ള അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വെയ്‌സ് മുഖേനെ ബാര്‍ ഉടമകളില്‍നിന്ന് അനധികൃതമായി 4.70 കോടി രൂപയോളം പണമായി നേടിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഇഡി പറയുന്നു.
മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ പരം ബിര്‍ സിങ്ങ് നടത്തിയ അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണമായിരുന്നു ദേശ്മുഖിനെതിരെ ആദ്യം ഉണ്ടായത്. പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ദേശ്മുഖ് നിഷേധിക്കുകയായിരുന്നു.