154 -ാമത് ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി നേതാക്കൾ. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളാണ് രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയത്. ഗാന്ധിജിയുടെ ആശയങ്ങൾ ലോകത്തെ മുഴുവൻ സ്വാധീനിക്കുന്നെന്നും ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാം എന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
മഹാത്മാഗാന്ധി വെറുമൊരു വ്യക്തിയല്ല, നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ആശയവും പ്രത്യയശാസ്ത്രവുമാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സത്യം, അഹിംസ, സ്വാതന്ത്ര്യം, സമത്വം, സഹവർത്തിത്വം തുടങ്ങിയ അദ്ദേഹത്തിന്റെ ആദർശങ്ങൾക്ക് ശാശ്വത മൂല്യമുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിന്റെ ആദർശങ്ങളെ വണങ്ങുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തിനെ വണങ്ങുന്നു എന്ന് കോൺഗ്രസിന്റെ ഒഫീഷ്യൽ എക്സ് അക്കൗണ്ടിലും കുറിച്ചു. സ്വാതന്ത്ര്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി തന്ന വ്യക്തിയാണ് അദ്ദേഹം. ഗാന്ധിജിയുടെ അഹിംസ, ഐക്യം എന്നീ മൂല്യങ്ങളെ നമ്മുടെ വഴികാട്ടിയാക്കി മുന്നോട്ട് പോകുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.