ശിഹാബ് തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ (STIMS)കീഴിൽ കുന്ദമംഗലം പഞ്ചായത്തിലെ പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് കെയർ വനിതാ വളണ്ടിയർമാർ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ നിബന്ധനകൾക്ക് വിധേയമായി പതിനാറ് മണിക്കൂർ പരിശീലനം പൂർത്തിയാക്കി കർമ്മപഥത്തിലിറങ്ങി. സംസ്ഥാനത്ത് പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിതാ ബാച്ചാണ്.
കിടപ്പിലായ രോഗികളുടെ പരിചരണം, മാനസിക രോഗികളുടെ ചികിത്സ, വൃക്കരോഗികളുടെ പരിചരണവും ബോധവത്ക്കരണവും, ഭിന്നശേഷിക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും പരിചരണം, പൊതുജനാരോഗ്യ ബോധവത്ക്കരണം എന്നീ മേഖലകളിലാണ് പരിശീലനം പൂർത്തീകരിച്ചത്. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പാലിയേറ്റീവ് രംഗത്തെ കൂടുതൽ കാര്യക്ഷമമാക്കാനും ജാതി മത ഭേദമന്യേ എല്ലാവരിലേക്കും സേവനമെത്തിക്കാനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ സംരംഭം തുsക്കം കുറിച്ചത്. രോഗിക്ക് രാത്രി കാലങ്ങളിലുൾപ്പടെ വളണ്ടിയറെ വിളിച്ച് വിവരം പറഞ്ഞാൽ സഹായമെത്തും.
ഇവർക്ക് സാധ്യമാവാത്ത ചികിത്സയാണങ്കിൽ വാഹനത്തിൽ സൗജന്യമായി ആസ്പത്രിയിലെത്തിക്കും. ഒരു ദേശത്ത് ഒരു കുടുംബ ഡോക്ടർ എന്ന ആശയമാണ് പ്രാവർത്തികമാവുന്നത്. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ടും മുൻ എം എൽ എ യുമായ യു സി രാമൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒ ഉസ്സയിൻ അദ്ധ്യക്ഷം വഹിച്ചു.ഖാലിദ് കിളിമുണ്ട, ഡോ: അമീറലി, വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി ടി എം ഷറഫുന്നിസ ടീച്ചർ, ഡോ:ഷാഹിദ, ജോസ് പുളിമൂട്ടിൽ, പ്രിൻസ്, മണ്ഡലം കോഡിനേറ്റർ മുഹമ്മദ് മാസ്റ്റർ,എ പി സഫിയ, കണിയാറക്കൽ മൊയ്തീൻകോയ, എന്നിവർ സംസാരിച്ചു.പഞ്ചായത്ത് കോഡിനേറ്റർ വി പി സലീം സ്വാഗതവും വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി കൗലത്ത് നന്ദിയും പറഞ്ഞു.