രാജസ്ഥാനിൽ ആദിവാസി യുവതിയെ ക്രൂരമായി മര്‍ദിച്ചശേഷം ഭര്‍ത്താവും ബന്ധുക്കളുംചേര്‍ന്ന് നഗ്നയാക്കി നടത്തി.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 21 വയസുകാരിയായ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച ശേഷം വീടിന് പുറത്തുള്ള വഴിയിലൂടെ നഗ്നയാക്കി നടത്തിക്കുന്നതും യുവതി അലറി വിളിക്കുന്നതുമായുള്ള ക്രൂരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.യുവതി ഭര്‍ത്താവില്‍ നിന്ന് അകന്ന് മറ്റൊരു യുവാവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചതാണ് ക്രൂരകൃത്യത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കുറ്റവാളികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവാഹിതയായ യുവതി മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതില്‍ രോഷാകുലരായ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ അവരെ സ്വന്തം ഗ്രാമത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുവരികയും അവിടെവച്ച് മര്‍ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തുവെന്ന് രാജസ്ഥാന്‍ ഡി.ജി.പി. ഉമേഷ് മിശ്ര പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും വേണ്ടി ആറ് സംഘങ്ങള്‍ പോലീസ് രൂപവത്കരിച്ചിട്ടുണ്ട്. പ്രതാപ്ഗഢ് പോലീസ് സൂപ്രണ്ട് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണെന്നും ഡിജിപി വ്യക്തമാക്കി.