ഉദയ്പുരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ ബിജെപി അംഗമാണെന്ന് കോണ്‍ഗ്രസ്. പ്രതികളില്‍ ഒരാളായ റിയാസ് അത്താരി ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പുറത്തുവിട്ടു.
റിയാസ് അത്താരിക്കു ബിജെപിയുമായുള്ള ബന്ധം മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെന്ന് പവന്‍ ഖേര പറഞ്ഞു. ബിജെപി നേതാക്കള്‍ക്കൊപ്പം അത്താരി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും ഖേര പറഞ്ഞു.
ബിജെപി നേതാക്കളായ ഇര്‍ഷാദ് ചെയിന്‍വാല, മുഹമ്മദ് താഹിര്‍ എന്നിവര്‍ക്കൊപ്പം അത്താരി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്ന് പവന്‍ ഖേര പറഞ്ഞു.അതേസമയം ബിജെപിയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി പാര്‍ട്ടി.
‘രണ്ട് പ്രതികളുമായും ഞങ്ങള്‍ക്ക് ബന്ധമില്ല’ രാജസ്ഥാന്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സാദിഖ് ഖാന്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയമാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി.
കനയ്യലാലിന്റെ കൊലപാതകത്തില്‍ പ്രതികളായ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും ന്യൂനപക്ഷ മോര്‍ച്ചയില്‍ ചേരാന്‍ വര്‍ഷങ്ങളായി ശ്രമം നടത്തിയിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിയാസ് അട്ടാരിയും ന്യൂനപക്ഷ മോര്‍ച്ചയിലെ നേതാക്കളും ഒരുമിച്ച് നില്‍ക്കുന്ന ചില പഴയ ചിത്രങ്ങളും പുറത്തുവന്നിരുന്നു.കൂടാതെ ദയ്പൂര്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് പാക് ബന്ധമെന്ന് എന്‍.ഐ.എ റിപ്പോര്‍ട്ട്. കൊലപാതകികള്‍ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ബന്ധം ആരോപിച്ച് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ രംഗത്തെത്തിയിരിക്കുന്നത്. നബി വിരുദ്ധ പരാമര്‍ശം നടത്തിയതിന് ശക്തമായി തിരിച്ചടിക്കണമെന്ന് പ്രതികള്‍ക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ ആരോപിക്കുന്നുണ്ട്.
പാക്കിസ്ഥാനില്‍ നിന്ന് ചിലയാളുകളുടെ നിര്‍ദേശം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നുമാണ് എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ സ്വദേശിയായ സല്‍മാനാണ് കൊലപാതകത്തിന് ആഹ്വാനം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സല്‍മാനെ കണ്ടെത്തിയിട്ടില്ല.