വനിതാ ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ പോലീസിന് ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. പീഡനം, മോശം സ്പർശനം എന്നിവ ഉൾപ്പെടെ നിരവധി വകുപ്പുകൾ ബ്രിജ് ഭൂഷണെതിരെ ഡൽഹി കൊണാട്ട് പ്ലേസ് പോലീസ് ചുമത്തിയിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഏപ്രിൽ 28ന് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് വ്യത്യസ്ത എഫ്ഐആറുകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ഐപിസി സെക്ഷൻ 354, 354 എ, 354 ഡി, 34 എന്നിവ രണ്ട് എഫ്‌ഐആറുകളിലും ഉദ്ധരിക്കുന്നു. ആദ്യ എഫ്‌ഐആറിൽ ആറ് മുതിർന്ന ഗുസ്തിക്കാരുടെ ആരോപണങ്ങളും ഡബ്ല്യുഎഫ്‌ഐ സെക്രട്ടറി വിനോദ് തോമറിന്റെ പേരുമുണ്ട്. രണ്ടാമത്തെ എഫ്‌ഐആർ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പിതാവിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അഞ്ച് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന പോക്‌സോ നിയമത്തിലെ സെക്ഷൻ 10 പ്രകാരമാണ് രണ്ടാമത്തെ എഫ്‌ഐആർ.