കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രാഥമിക വിചാരണ നടപടികള്‍ ഈ മാസം എട്ടിന് ആരംഭിക്കും. മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയായിരുന്ന സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസാണ് ആദ്യം പരിഗണിക്കുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണു നടപടികള്‍. പ്രാഥമിക വാദം കേട്ട ശേഷം തുടര്‍ വിചാരണ നടപടികള്‍ സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.
2002 മുതല്‍ 2016വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറു പേര് കൊല്ലപ്പെട്ട കേസില്‍ കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ 2019 ഒക്ടോബര്‍ അഞ്ചിനു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ആദ്യഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ഭര്‍തൃമാതാവിന്റെ സഹോദരന്, രണ്ടാം ഭര്‍ത്താവിന്റെ ആദ്യഭാര്യ, മകള്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കേസ്.