അർജന്റീനൻ ദേശിയ ടീം, മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിലും തന്റേതായ കാലപ്പന്തു മനോഹാരിത പ്രകടപ്പിച്ച സ്ട്രൈക്കർ താരം സെർജിയോ അഗ്വേറോയ്ക്ക് ഇന്ന് 32 മത് ജന്മദിനം.1988 ൽ അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ ജൂൺ 2 നു ജനനം.
അർജന്റീനയിലെ ക്ലബ്ബായ ഇൻഡിപെൻഡിയന്റെ വഴിയാണ് അഗ്വേറോ തന്റെ കരിയർ ആരംഭിച്ചത്. 2003 ജൂലൈ 5 ന് അർജന്റീനയിലെ ഒന്നാം ഡിവിഷൻ ലീഗിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. 1976 ൽ ഡീഗോ മറഡോണ സ്ഥാപിച്ച റെക്കോർഡ് ആണ് അഗ്വേറോ മറികടന്നത്. 2006 ൽ 23 ദശലക്ഷം യൂറോ പ്രതിഫലം നേടി ലാ ലിഗാ ക്ലബ്ബ് അത്ലറ്റികോ മാഡ്രിഡിൽ എത്തി. 234 മത്സരങ്ങളിൽ നിന്നായി 101 ഗോളടിച്ച് യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ ഇടയിൽ ശ്രദ്ധ നേടി.
2010 ൽ യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി. 2011 ജൂലൈയിൽ അദ്ദേഹം പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയിൽ ചേർന്നു. സിറ്റിയിലെ ആദ്യ സീസണിന്റെ അവസാന മത്സരത്തിൽ, ക്യൂൻസ് പാർക്ക് റേഞ്ചേഴ്സിനെതിരെ 94 ആം മിനിറ്റിൽ ഗോൾ നേടി, 44 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്ലബ്ബിന് ലീഗ് കിരീടം നേടിക്കൊടുത്തു. പ്രീമിയർ ലീഗിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം പങ്കെടുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ യൂറോപ്പുകാരനല്ലാത്ത കളിക്കാരനാണ് അഗ്വേറോ. 2017 നവംബർ ഒന്നിന്, നാപ്പോളിക്കെതിരെ നടന്ന മത്സരത്തിൽ ഗോൾ നേടി, അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനായി.
അന്താരാഷ്ട്ര തലത്തിൽ, അഗ്യൂറോ 2005 ലും 2007 ലും ഫിഫ അണ്ടർ -20 ലോക കപ്പിൽ അർജന്റീന ടീമിനെ പ്രതിനിധീകരിച്ചു. ഇരു അവസരങ്ങളിലും അർജന്റീന കിരീടം നേടി. 2008 ലെ ബീജിംഗ് ഒളിംപിക്സിൽ അഗ്വേറോ ബ്രസീലിനെതിരെ നടന്ന സെമിഫൈനലിൽ രണ്ടു ഗോളുകൾ നേടി. തുടർന്ന് അർജന്റീന ഫുട്ബോളിൽ ഇനത്തിൽ സ്വർണ്ണ മെഡൽ നേടി. 2010 ഫിഫ ലോകകപ്പ്, 2011 കോപ്പ അമേരിക്ക, 2014 ഫിഫ ലോകകപ്പ്, 2015 കോപ്പ അമേരിക്ക, കോപ്പ അമേരിക്ക സെന്റിനേറിയൊ തുടങ്ങിയ ചാമ്പ്യൻഷിപ്പുകളിൽ അഗ്വേറോ അർജന്റീന ടീമിനെ പ്രതിനിധീകരിച്ചു. പ്രിയ താരത്തിന് ജന്മദിനാശംസകൾ