ഇറാനെതിരായ ആക്രമണത്തിന്റെ വ്യാപനത്തെത്തുടർന്ന് സൈനിക നടപടികൾ നിർത്താൻ ചൈന ആഹ്വാനം ചെയ്തു. ഇറാനിൽ ചൈനീസ് പൗരൻ കൊല്ലപ്പെട്ടതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പ്രതികരിച്ചു. നയതന്ത്ര ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇറാനെതിരായ യു എസ് – ഇസ്രായേൽ ആക്രമണത്തെയും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയുടെ കൊലപാതകത്തെയും തുടർന്ന് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ച് ഇറാൻ തിരിച്ചടിച്ചതിന് ശേഷമാണ് മാവോ ഈ പ്രസ്താവന നടത്തിയത്.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ അനുമതിയില്ലാതെയാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക ആക്രമണം നടത്തിയത്, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മാവോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “സംഘർഷം അയൽ രാജ്യങ്ങളെ ബാധിക്കുന്ന പ്രത്യാഘാതങ്ങളിൽ ചൈന ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നു,” അവർ പറഞ്ഞു.
അതേസമയം, തീവ്രവാദ ഗ്രൂപ്പുകൾ അമേരിക്കൻ പൗരന്മാർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ബഹ്റൈനിലെ അമേരിക്കൻ എംബസി. മനാമയിലെ ഹോട്ടലുകൾ ഉടൻ ഒഴിയണമെന്ന് പൗരന്മാർക്ക് നിർദേശം നൽകി.പൗരന്മാർ ആക്രമിക്കപ്പെടാൻ ഇടയുണ്ടെന്നും തീവ്രവാദ ആക്രമണം നടന്നേക്കാമെന്നുമാണ് മുന്നറിയിപ്പ്.

