ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘ഇരട്ട’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടുന്നു. പോസ്റ്ററിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മധുരം, നായാട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജോജു ജോർജിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചകൾ സമ്മാനിക്കുന്നതായിരിക്കും ഇരട്ടയിലെ കഥാപാത്രം എന്ന് അണിയറപ്രവർത്തകർ ഉറപ്പ് പറയുന്നു.
ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം.ജി. കൃഷ്ണനാണ്. അപ്പു പാത്തു പ്രൊഡക്ഷൻ ഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന ചിത്രം ജോജു – മാർട്ടിൻ പ്രക്കാട്ട് ഹിറ്റ് ജോഡിയുടെ പുതുവർഷത്തിലെ ഏറ്റവും പ്രതീക്ഷ ഉയർത്തുന്ന ചിത്രം കൂടിയാണ്.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഒ.പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റർ. ആർട്ട്- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോനെക്സ്, സംഘട്ടനം- കെ. രാജശേഖർ, മാർക്കറ്റിംഗ്, മീഡിയ പ്ലാൻ- ഒബ്സ്ക്യൂറ, പി.ആർ.ഒ.- പ്രതീഷ് ശേഖർ.