തൻ്റെ ഏറ്റവും പുതിയ സിനിമ ‘നല്ല സമയം’ തീയറ്ററിൽ നിന്ന് പിൻവലിക്കുന്നു എന്ന് സംവിധായകൻ ഒമർ ലുലു. ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതിനു പിന്നാലെയാണ് നടപടി. കോടതി വിധിക്കനുസരിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഒമർ ലുലു അറിയിച്ചു.
കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് ചിത്രത്തിൻ്റെ ട്രെയിലറിനെതിരെ കേസെടുത്തത്. സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും ട്രെയിലറിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഇല്ലെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നല്ല സമയം. ഇർഷാദ് അലി, വിജീഷ, ഷാലു റഹീം എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്.