Trending

ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും-മുഖ്യമന്ത്രി

ഇപ്പോഴത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന്റെ  ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഏതൊക്കെ രാജ്യങ്ങളിൽ ഏതൊക്കെ തൊഴിലുകൾക്കാണ് അവസരം, അതിന് ഏതുതരം നൈപുണ്യമാണ് ആവശ്യം, ഇടനില ചൂഷണം എങ്ങനെ ഒഴിവാക്കാം, ഏതുഭാഷയിലാണ് പ്രാവീണ്യം ആർജിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിലെല്ലാം സ്വീകരിക്കേണ്ട നടപടികൾ സഭ ചർച്ചചെയ്യും.

തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് സ്വകരിക്കേണ്ട നടപടികൾ, പ്രവാസികളുടെ തൊഴിൽ സംരംഭങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമുള്ള പ്രോൽസാഹനം, പ്രവാസി ചിട്ടി, ഡിവിഡന്റ് ബോണ്ട് തുടങ്ങിയ ആകർഷകമായ നിക്ഷേപ അവസരങ്ങൾ  ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളുടെ ചർച്ചാവേദിയാകും സഭയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോക കേരള സഭയിൽ ചർച്ചചെയ്യുന്ന കാര്യങ്ങൾ നിയമമാകില്ല എന്ന് എല്ലാവർക്കും അറിവുള്ളതാണെന്നും കേരള നിയമസഭ ചർച്ച ചെയ്യേണ്ട ഒരു ബില്ലിന്റെ പ്രാഥമിക രൂപം  ലോക കേരള സഭയിൽ ചർച്ച ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇവിടെ ചർച്ചചെയ്തശേഷം അത് പരിഗണനയ്ക്കായി എത്തുമ്പോൾ സംസ്ഥാന നിയമസഭയ്ക്ക് അത് അതേപടി സ്വീകരിക്കാനോ മെച്ചപ്പെടുത്താനോ കൂട്ടിച്ചേർക്കാനോ മാറ്റം വരുത്താനോ അവകാശമുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

നിയമ പരിരക്ഷ കിട്ടുന്നതോടെ ലോക കേരള സഭയ്ക്ക് കൂടുതൽ ശക്തിയും ഊർജവും ലഭിക്കുമെന്നും അതോടെ ഇത് വായുവിൽ നിൽക്കുന്ന ഒരു കാര്യമല്ല എന്ന് എല്ലാവർക്കും ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തുള്ള കേരളയീരെ കേരളവുമായും കേരളത്തെ അവരുമായും ഒരുമിച്ച് ചേർത്ത് നിർത്തുന്ന വേദിയാണ് ലോക കേരള സഭ. ഭാവി കേരളം എന്താകണം എന്നകാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുള്ളവരാണ് പ്രവാസി സമൂഹം. അത്തരം കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കാനുള്ള ഒരു വേദി ഇതേവരെ ഉണ്ടായിരുന്നില്ല. ആ പോരായ്മയാണ് പരിഹൃതമായിരിക്കുന്നത്. പ്രവാസികളുടെയും കേരള സമൂഹത്തിന്റെയും പരസ്പര ബന്ധത്തിൽ ഇപ്പോൾ ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രവാസികൾക്ക് ഇപ്പോൾ സർക്കാർ ഗ്യാരന്റിയോടെ  ധനനിക്ഷേപം നടത്താം. അത് ഏതുമേഖലയിൽ വേണമെന്നും അവർക്ക് തന്നെ തീരുമാനിക്കാം. ഇത്തരം പദ്ധതികളുടെ നടത്തിപ്പ് പുരോഗതി എവിടെ വരെയായി എന്ന് അവർക്ക് നേരിട്ട് വിലയിരുത്താനുമുള്ള അവസരമുണ്ട്. കേരള വികസനത്തിൽ മുമ്പെന്നെത്തേക്കാളും കൂടുതൽ സജീവമായി പങ്കെടുക്കാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!