എയ്ഡ്സ് എന്ന മാരക രോഗത്തിൽ കഷ്ട്ടപ്പെടുന്നവരെയും ജീവൻ നഷ്ടപ്പെട്ടവരെയും ഓർത്തു കൊണ്ട് എല്ലാ വർഷവും ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.
ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കാർന്നു തിന്നുന്ന എയ്ഡ്സ് എന്ന മാരക രോഗവുമായി ലോകം കഴിഞ്ഞ നാല് പതിറ്റാണ്ടായി പോരാട്ടത്തിലാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം ലോകത്താകെ മൂന്ന് കോടി 77 ലക്ഷം എയ്ഡ്സ് രോഗികളുണ്ട്. രോഗത്തെ പൂർണമായും തടയാൻ കഴിഞ്ഞില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗ വ്യാപനം തടയാൻ കാര്യമായ പുരോഗതി നേടി.
എന്നാൽ ഇടയ്ക്കെത്തിയ കൊവിഡ് മഹാമാരി എയ്ഡ്സ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് രോഗത്തെ കുറിച്ചുള്ള അറിവില്ലായിമയല്ല ജനങ്ങൾക്കിടയിലെ അസമത്വങ്ങളാണ് എയ്ഡ്സിനെ പ്രതിരോധിക്കുന്നതിലെ പ്രധാന തടസം.
ഈ കോവിഡ് മഹാമാരിക്കാലത്ത് സാമൂഹിക അസമത്വത്തെ കുറിച്ച് പറയാൻ ഉള്ള സമയമല്ല എന്നൊരു ധാരണയുണ്ട്. എന്നാൽ അസമത്വങ്ങളെ കുറിച്ച് പറയേണ്ട ആവശ്യം ആഗോളപരമായി ഏറി കൊണ്ടിരിക്കുകയാണ്.
2030ൽ എയ്ഡ്സ് അവസാനിപ്പിക്കണമെങ്കിൽ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അസമത്വങ്ങൾ അവസാനിപ്പിക്കാതെ പറ്റില്ല.
അസമത്വങ്ങൾ അവസാനിപ്പിക്കുക. എയ്ഡ്സ് അവസാനിപ്പിക്കുക എന്നതാണ് ഈ പ്രാവശ്യത്തെ എയ്ഡ്സ് ദിന പ്രമേയം. ഈ പ്രമേയത്തിലൂടെ എയ്ഡ്സ് അസമത്വങ്ങളെ വേരോടെ പിഴുതെറിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.