ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ഗവണ്മെന്റ് ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ തയ്യാറാക്കുന്ന ഈ കാലത്ത് സ്വന്തം വീട്ടില്‍ പ്ലാസ്റ്റിക്കിനെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് ശ്രദ്ദേയനാവുകയാണ് പെരുമണ്ണ കോട്ടായിത്താഴം പാറമ്മലില്‍ മൂസതും കുടുംബവും. മൂസ്സതിന്റെ വീടിന്റെ അടുക്കളയില്‍ കയറിയാല്‍ നിറയെ സ്റ്റീല്‍ പാത്രങ്ങള്‍ കാണാം. വീട്ടിലെ സാധനങ്ങളെല്ലാം സൂക്ഷിക്കുന്നത് സ്റ്റീല്‍ പാത്രങ്ങളിലാണ്. പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും തന്നെക്കൊണ്ട് കഴിയാവുന്നവിധം വീട്ടിലെ സാധനങ്ങളില്‍ പ്ലാസ്റ്റിക് ഇദ്ദേഹവും കുടുംബവും ഒഴിവാക്കാറുണ്ട്.
ബേക്കറി, പലചരക്ക്, പച്ചക്കറി എന്നിവയെല്ലാം ഇദ്ദേഹം പ്ലാസ്റ്റിക്കില്ലാതെയാണ് വാങ്ങുന്നത്. പ്ലാസ്റ്റിക് കവറുകളില്‍ ഇറങ്ങുന്ന സാധനങ്ങള്‍ പോലും കവര്‍ ഒഴിവാക്കി തുണിസഞ്ചിയില്‍ വാങ്ങുന്നു. ശുചീകരണ സാമഗ്രികളും കുട്ടികളുടെ പഠന ഉപകരണങ്ങളും ഇലക്ട്രോണിക് സാദനങ്ങളും മാത്രമാണ് ഇവിടെയുള്ള പ്ലാസ്റ്റിക്. ഇങ്ങനെ ഏകദേശം 95 ശതമാനവും പ്ലാസ്റ്റിക് മുക്തം.
ഈ നല്ല പ്രവൃത്തിക്ക് പ്രോത്സാഹനമേന്നോണം ഹരിതകേരള മിഷന്റെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മാതൃക പ്രവര്‍ത്തനം നടത്തിയതിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആദരവും ഇദ്ദേഹത്തിനെ തേടിയെത്തിയിട്ടുണ്ട്.
മുന്‍പ് കുന്ദമംഗലം പഞ്ചായത്തിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം വാഴക്കാട് പഞ്ചായത്തില്‍ നിന്നും റിട്ടേര്‍ഡ് ചെയ്തു.
ഭാര്യ പ്രീത ദേവി കുടുംബശ്രീ പ്രവര്‍ത്തകയാണ്, സായി ശങ്കര്‍, സായി കുമാര്‍ എന്നിവരാണ് മക്കള്‍.