ന്യൂഡൽഹി: സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കില്ല. ഔദ്യോഗിക തിരക്കുകളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമെന്നാണ് സൂചന. മന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴ ഉൾപ്പെടുത്തിയിട്ടില്ല. അമിത്ഷായെ വള്ളംകളിക്ക് ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടി വിവാദമായിരുന്നു.
ഈ മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിനെത്തുന്ന അമിത് ഷായെ നെഹ്റുട്രോഫി വള്ളംകളി കാണാൻ മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർഥിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ആഗസ്റ്റ് 23ന് കത്തയച്ചിരുന്നു. ഈക്ഷണം വലിയ വിമർശനത്തിന് ഇടവെക്കുകയും പ്രതിപക്ഷമടക്കം ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. കോവിഡിനെ തുടർന്ന് 2020ലും 2021ലും നെഹ്റു ട്രോഫി വള്ളംകളി നടന്നിരുന്നില്ല.

