
സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചും കുന്ദമംഗലം മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ് പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് എം.എൽ.എ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്ക് ധാരണയായത്.
പൊതുമരാമത്ത് റോഡുകളില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ്ലൈന്‍ ഇടുന്ന പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വകുപ്പ് തല സംയുക്ത യോഗം ചേരുന്നതിനും ഭാഗികമായി പൂര്‍ത്തീകരിച്ച റോഡുകളിലെ ബാക്കി പ്രവൃത്തികള്‍ നടത്തുന്നതിന് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു.
നിലവില്‍ ഭരണാനുമതി ലഭ്യമാക്കിയ പ്രവൃത്തികള്‍ക്ക് നിരക്ക് വര്‍ദ്ധനവ് മൂലം അധികമായി ആവശ്യമായി വരുന്ന തുക അനുവദിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് എം.എല്‍.എ പറഞ്ഞു.
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് റോഡ്സ് എക്സി. എഞ്ചിനീയര്‍ വി.കെ ഹാഷിം, അസി. എക്സി. എഞ്ചിനീയര്‍മാരായ ജി.കെ വിനീത് കുമാര്‍, ഐ.കെ മിഥുന്‍, അസി.എഞ്ചിനീയര്‍ ജി ബിജു സംസാരിച്ചു.
മഞ്ഞൊടി ചാലിപ്പാടം റോഡ് പ്രവൃത്തി എം.എല്‍.എ ഉദ്ഘാടനം ചെയ്തു
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞൊടി ചാലിപ്പാടം റോഡ് പ്രവൃത്തി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപയാണ് ഈ റോഡിന് അനുവദിച്ചിട്ടുള്ളത്.
മാവൂര്‍, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന സുപ്രധാന ഗ്രാമീണ പാതയായ ഈ റോഡ് ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലൂടെയാണ് കടന്നുപോവുന്നത്. മലപ്രം ഭാഗത്തുള്ള ആളുകള്‍ക്ക് ബസ് കയറുന്നതിന് ഏറ്റവും എളുപ്പത്തില്‍ എത്താവുന്ന മഞ്ഞൊടിയിലാണ് ഈ റോഡ് എത്തിചേരുന്നത്.
ഈ റോഡിന് ഫണ്ട് അനുവദിച്ചതോടെ പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് പൂവണിയുന്നത്.
മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 റോഡുകള്‍ക്കായി 3.44 കോടി രൂപയുടെ ഭരണാനുമതിയാണ് ഇതുവരെ ലഭ്യമാക്കിയിട്ടുള്ളതെന്ന് എ.എല്‍.എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി മാധവന്‍, കെ ബാലചന്ദ്രൻ, എം ധർമ്മജൻ, കെ കേളുക്കുട്ടി മാസ്റ്റർ, ടി ഉണ്ണികൃഷ്ണൻ, കെ സരോജിനി സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി നന്ദിനി സ്വാഗതവും എൻ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.

