രാജ്യത്തിന്റെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനാല്‍ വി.പി.എന്‍ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്) സര്‍വീസുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ആഭ്യന്തര മന്ത്രാലയം. കേന്ദ്രത്തോട് വി.പി.എന്‍ സര്‍വീസുകള്‍ നിരോധിക്കണമെന്ന് ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വി.പി.എന്‍ ആപ്പുകളും ടൂളുകളും ഓണ്‍ലൈനില്‍ സുലഭമാണെന്നും ഇത് ക്രിമിനലുകള്‍ക്ക് അജ്ഞാതരായി തുടരാനുള്ള അവസരമാണ് സൃഷ്ടിക്കുന്നതെന്നുമാണ് കമ്മിറ്റിയുടെ പരാതിയെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാര്‍ക് വെബില്‍ വി.പി.എന്‍ ഉപയോഗിക്കപ്പെടുന്നതിനെ കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നുണ്ട്.
രാജ്യത്ത് നിരോധിക്കപ്പെട്ടിട്ടുള്ള വെബ്സൈറ്റുകള്‍ ആക്സെസ് ചെയ്യുന്നതിനാണ് വി.പി.എന്‍ സര്‍വീസുകള്‍ സാധാരണയായി ഉപയോഗിക്കുന്നതെങ്കിലും കമ്പനികള്‍ തങ്ങളുടെ നെറ്റ്വര്‍ക്കുകള്‍ സുരക്ഷിതമാക്കാനും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ ജീവനക്കാര്‍ തങ്ങളുടെ സ്വകാര്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങിയതോടെ ഹാക്കര്‍മാരില്‍ നിന്നും ഡാറ്റ സംരക്ഷിക്കാന്‍ വി.പി.എന്‍ സര്‍വീസുകളെയാണ് കമ്പനികള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഓണ്‍ലൈനില്‍ അജ്ഞാതരായി തുടരാന്‍ വി.പി.എന്‍ ഒരു പരിധി വരെ സഹായിക്കുമെങ്കിലും ഡാറ്റ സുരക്ഷിതമാക്കാനും ഇവ നിര്‍ണായകമാണ്.
എന്നാല്‍ വി.പി.എന്‍ സര്‍വീസുകളെ പരിപൂര്‍ണമായി നിരോധിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം. ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും ചേര്‍ന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായത്തോടെ ഈ നിരോധനം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് സ്റ്റാന്റിംഗ് കമ്മിറ്റി ആവശ്യപ്പെടുന്നത്.
രാജ്യത്ത് ബ്ലോക്ക് ചെയ്യപ്പെടുന്ന സര്‍വീസുകള്‍ അന്താരാഷ്ട്രതലത്തിലും നിരോധിക്കപ്പെടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുള്ളത്. ഇന്റര്‍നെറ്റിന് മേലുള്ള സര്‍വൈലന്‍സ് വര്‍ധിപ്പിക്കണമെന്നും ഇതില്‍ പറയുന്നു.