യൂത്ത് കോൺഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ. ദേശീയ നേതൃത്വം പെർഫോമൻസ് ലിസ്റ്റ് പുറത്തു വിടാത്തതിനാൽ സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ നൽകാൻ കഴിയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായത്.
ജൂൺ ഒന്ന് മുതൽ പതിനാല് വരെയാണ് നോമിനേഷൻ നൽകാനുള്ള സമയം. എന്നാൽ പെർഫോമൻസ് ലിസ്റ്റ് പുറത്തു വിടാത്തതിനാൽ ആർക്കും നോമിനേഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. പെർഫോമൻസ് ലിസ്റ്റിനെ പറ്റി ഒരു സൂചനയും ദേശീയ നേതൃത്വം നൽകാത്തതിനാൽ എന്തു ചെയ്യും എന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് സ്ഥാനാർത്ഥികൾ.യൂത്ത് കോൺഗ്രസ് നാഥനില്ല കളരിയായി മാറിയെന്നാണ് സ്ഥാനാർത്ഥികളുടെ ആക്ഷേപം.
എന്നാൽ കേരളത്തിലെ ഗ്രൂപ്പുകൾക്കിടയിലും സ്ഥാനാർത്ഥികൾ തമ്മിൽ സമവായം ആയിട്ടില്ല എന്നുള്ളത് മറ്റൊരു വസ്തുത. പുതിയ സംസ്ഥാന പ്രസിഡൻറ് ആരാവണമെന്ന് ഇപ്പോഴും ഗ്രൂപ്പുകൾ അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയംഗം ജെ.എസ് അഖിൽ, കെഎസ്യു മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത് എന്നിവരുടെ പേരുകളാണ് എ ഗ്രൂപ്പ് പരിഗണിക്കുന്നത്.

