ഇനി വേണ്ട വിട്ടുവീഴ്ച്ച എന്ന ഹാഷ് ടാഗിലെത്തിയ വനിത ശിശുവികസന വകുപ്പിന്റെ പുതിയ വീഡിയോയില്‍ ബേസില്‍ ജോസഫ്. ‘മിന്നൽ മുരളി’യിലെ ഉഷ എന്ന കഥാപാത്രത്തെയും ബ്രൂസ്‌ലി ബിജിയെയും സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ താരതമ്യം ചെയതാണ് വീഡിയോ.
മിന്നല്‍ മുരളിയിലെ ഉഷയെ പോലെ ആകരുതെന്നും പകരം ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണമെന്നുമാണ് വീഡിയോയിൽ പറയുന്നത് . ”മിന്നല്‍ മുരളിയിലെ ഉഷയെ നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ. ഓരോ കാലത്തും ഉഷക്ക് ഓരോരുത്തരെ ആശ്രയിക്കേണ്ടി വരുന്നു. ചേട്ടനെ, ചേട്ടന്റെ സുഹൃത്തിനെ, ഷിബുവിനെ. ഉഷക്ക് സ്വന്തമായി വരുമാനം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമായിരുന്നോ. ഭര്‍ത്താവ് ഇട്ടിട്ട് പോയാലും അന്തസ്സായി ജീവിക്കാമായിരുന്നു. മകളുടെ ചികിത്സയും നടത്താമായിരുന്നു.”
”സ്ത്രീകള്‍ക്ക് ഫിനാന്‍ഷ്യല്‍ ഫ്രീഡം കൂടി വേണം. അതുകൊണ്ട് ലേഡീസ്, നിങ്ങള്‍ ബ്രൂസ്‌ലി ബിജിയെ പോലെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലൂടെ പൂര്‍ണ സ്വാതന്ത്ര്യം നേടിയെടുക്കു. ആരേയും ആശ്രയിക്കാതെ മിന്നിത്തിളങ്ങൂ. ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടുന്നവരെ, ഇനി വേണ്ട വിട്ടുവീഴ്ച,’ ബേസില്‍ വീഡിയോയില്‍ പറഞ്ഞു.

