തെരഞ്ഞടുപ്പ് പരിസ്ഥിതി സൗഹൃദമാകും – ജില്ലാ കലക്ടര്‍
നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കുന്നതിന് മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടേയും സഹകരണമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. പ്രചാരണ പരിപാടികള്‍ക്ക് സ്വകാര്യവ്യക്തികളുടെ മതിലുകള്‍ അനുമതിയോടെ ഉപയോഗിക്കാം. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ മതിലുകളും മറ്റു വസ്തുവകകളും പ്രചാരണ സാമഗ്രികള്‍ തൂക്കുന്നതിനോ പതിക്കുന്നതിനോ ഉപയോഗിക്കരുത്. പൊതുപരിപാടികളുടെ റാലിയില്‍ അഞ്ച് വാഹനങ്ങള്‍ക്കാണ് അനുമതിയുണ്ടാവുക. പൊതുകാംപയിന്‍ നടത്തുന്നതിനായി ഗ്രൗണ്ടുകള്‍ നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. പരിപാടികളിലും പ്രചാരണ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കണം. ഓഡിറ്റോറിയങ്ങളില്‍ 100 പേര്‍ക്കും പുറത്ത് നടക്കുന്ന പരിപാടികളില്‍ 200 പേര്‍ക്കും പങ്കെടുക്കാം. സാമൂഹിക അകലം പാലിച്ച് സജ്ജീകരിച്ച കസേരയില്‍ ഇരിക്കേണ്ടതാണ്. പ്രചാരണങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണം.
സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാവും. . ഓണ്‍ലൈനായി പൂരിപ്പിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് പത്രിക സമര്‍പ്പിക്കാവുന്നതാണ്. പോളിങ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും. പ്രചാരണ സാമഗ്രികളുടെ പുതുക്കിയ നിരക്ക് ഉടന്‍ പ്രസിദ്ധീകരിക്കും. പോസ്റ്റല്‍ ബാലറ്റിന്റെ ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ഭിന്നശേഷിക്കാര്‍, കോവിഡ് രോഗികള്‍, അവശ്യസര്‍വീസ് ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നതിന് നടപടിയുണ്ടാവുമെന്ന് കലക്ടര്‍ പറഞ്ഞു.
യോഗത്തില്‍ സബ് കലക്ടര്‍ ജി.പ്രിയങ്ക, എ.ഡി.എം എന്‍ പ്രേമചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ കെ. അജീഷ്, ഫിനാന്‍സ് ഓഫീസര്‍ കെ.ഡി മനോജന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ടി.പി ദാസന്‍, ടി.വി ബാലന്‍, കെ.മൊയ്തീന്‍ കോയ, പി.എം കരുണാകരന്‍, കെ.എം പോള്‍സണ്‍, ബി.കെ പ്രേമന്‍, ജോബിഷ് ബാലുശ്ശേരി, ഡി. ഉണ്ണികൃഷ്ണന്‍, കെ.ടി വാസു, പി.ടി ഗോപാലന്‍, പി.എം അബ്ദുറഹിമാന്‍, പി.വി മാധവന്‍, പി.ആര്‍ സുനില്‍ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാഹനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളിലെയും സര്‍വ്വീസ് സഹകരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍,ബോര്‍ഡുകള്‍,കോര്‍പ്പറേഷനുകള്‍,കേരള ബാങ്ക് എന്നിവയിലെയും വാഹനങ്ങള്‍ കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിലെ ട്രാന്‍സ്‌പോര്‍ട്ട് സെല്ലില്‍ ഇന്ന് (മാര്‍ച്ച് രണ്ട്) രാവിലെ 10 മണിക്കകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
ഫ്ളയിങ് സ്‌ക്വാഡുകളെ നിയോഗിച്ചു
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കാന്‍ സംവിധാനമേര്‍പ്പെടുത്തി. ഇലക്ഷന്‍ ഫ്ളയിംഗ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയുമാണ് നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. സ്ഥാനാര്‍ത്ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കാന്‍ പാടില്ല. മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുന്നതും ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ.കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷ ബി.എസ്.സി ഫിസിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഇന്ന് (മാര്‍ച്ച് രണ്ട് മുതല്‍ അഞ്ച്, മൂന്ന് മണിവരെ കോളേജ് ഓഫീസില്‍ നിന്നും അപേക്ഷ ഫോം വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് അഞ്ചിന് 5 മണിക്കകം അപേക്ഷ ഫോം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539596905, 8075235542.
അഴിയൂരില്‍ വ്യാപാരികളെ സഹായിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കും
അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 2020-21 വര്‍ഷത്തെ കച്ചവട ലൈസന്‍സ് പുതുക്കുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മൂന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്ത് ലൈസന്‍സ് പിരിവ് നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരി സംഘടനകളുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 2021-22 വര്‍ഷത്തെ അഡ്വാന്‍സ് ലൈസന്‍സ് ഫീസും ക്യാമ്പില്‍ സ്വീകരിക്കും. മാര്‍ച്ച് മൂന്നിന് വ്യാപാര ഭവന്‍, മുക്കാളി, അഞ്ചിന് എഫ്.എച്ച്.സിക്ക് സമീപത്ത്, ഒന്‍പതിന് മാഹി റെയില്‍വ്വെ സ്റ്റേഷന്‍ പരിസരം എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. വ്യാപാരികള്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് വേവ്വേറെ അപേക്ഷകള്‍ അവസാന വര്‍ഷം ലൈസന്‍സ് ഫീ അടച്ച രസീറ്റ് സഹിതമാണ് ക്യാമ്പില്‍ വരേണ്ടത്. പുതിയ കച്ചവടം ആരംഭിക്കുന്നതിനുള്ള ലൈസന്‍സും വര്‍ഷങ്ങളായി ലൈസന്‍സ് എടുക്കാത്തവരുടെ ലൈസന്‍സും ക്യാമ്പില്‍ എടുക്കാന്‍ സാധിക്കുകയില്ല. ഈ അവസരം ഉപയോഗപ്പെടുത്തി വ്യാപാരികള്‍ ലൈസന്‍സ് പുതുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.