കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് മൂന്ന് ദിവസങ്ങളായി നടന്നുവരുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ ആവേശകരമായ ജനപങ്കാളിത്തത്തോടെ സമാപനത്തിലേക്ക് കടക്കുന്നു. ഉൾച്ചേർക്കലിന്റെയും തുല്യതയുടെയും ശക്തമായ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച മേളയുടെ മൂന്നാം ദിനം ഗഹനമായ അക്കാദമിക് ചർച്ചകൾക്കും വർണ്ണാഭമായ കലാപരിപാടികൾക്കും സാക്ഷ്യം വഹിച്ചു.
ശനിയാഴ്ച ഫെസ്റ്റിവൽ നഗരി സന്ദർശിച്ച എം.കെ. രാഘവൻ എം.പി എക്സ്പീരിയൻസ് സോൺ സന്ദർശിക്കുകയും, കോഴിക്കോട് ജില്ലാ പഞ്ചായത്തുമായി ചേർന്ന് ഡിസബിലിറ്റി ഫെസ്റ്റിവൽ എല്ലാ വർഷവും സംഘടിപ്പിക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കോഴിക്കോട് ബീച്ചിനെ പൂർണ്ണമായും ആക്സസിബിൾ ആക്കി മാറ്റുമെന്നും, ഭിന്നശേഷിയുള്ളവരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്ന സമീപനം ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ പി.ടി. ബാബുരാജും നഗരി സന്ദർശിച്ച് ആശംസകൾ നേർന്നു.
അക്കാദമിക് സെഷനുകളാൽ സമ്പന്നമായിരുന്നു മേളയുടെ മൂന്നാം ദിനം. ‘ഇൻക്ലൂസീവ് വിദ്യാഭ്യാസത്തിന്റെ സാധ്യതകളും പരിമിതികളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അബ്ദുൽ നാസർ കെ., ഡോ. വി. ശാരദ ദേവി, ടി.കെ. അബാസ് അലി, ഡോ. മനോജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. സാങ്കേതികവിദ്യ ഡിസബിലിറ്റി മേഖലയിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് നബീൽ തലക്കാട്ട്, നിബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പാനൽ ചർച്ച നടന്നു. ‘അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങൾ’, മാനസികാരോഗ്യം, സ്പോർട്സ്, ജെൻഡർ, ലൈംഗികത, മതം, മാധ്യമങ്ങളിലെ ഡിസബിലിറ്റി പ്രതിനിധാനം തുടങ്ങിയ വിഷയങ്ങളിൽ ഡോ. മായ പ്രമോദ്, അശോക് മുത്തങ്ങ, ഗീവർഗീസ് കുറിലോസ്, പ്രമോദ് രാമൻ, സി.എച്ച്. മാരിയത്ത് തുടങ്ങിയവർ സംസാരിച്ചു.
അക്കാദമിക് ചർച്ചകൾക്കൊപ്പം കാണികളെ ആവേശത്തിലാഴ്ത്തിയ കലാവിരുന്നുകളും അരങ്ങേറി. സിനിമാറ്റിക് നൃത്തങ്ങൾ, മൽഹാർ സംഗീത പരിപാടി, ലക്ഷദ്വീപ് ടീം അവതരിപ്പിച്ച അറബിക് നൃത്തം, ഡോളിപാട്ട്, ‘റോമിയോ ആൻഡ് ജൂലിയറ്റ്’ എന്ന ഡച്ച് നാടകം എന്നിവ മേളയ്ക്ക് മിഴിവേകി.
ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഫെബ്രുവരി 1-ന് (ഞായർ) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കും. പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നഗരസഭാ മേയർ ഒ. സദാശിവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യാതിഥിയാകുകയും പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. ഡോ. ഇജാസ് പിള്ള സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കും. ഫെസ്റ്റിവൽ പ്രമേയ അവതരണവും അടുത്ത വർഷത്തെ ഫെസ്റ്റിവൽ തീയതി പ്രഖ്യാപനവും ചടങ്ങിൽ ഉണ്ടാകും. എഴുത്തുകാരൻ കാട്ടുക്കണ്ടി അബ്ദുറഹിമാൻ, പാരാ സ്വിമ്മിംഗ് ചാമ്പ്യൻ ആസീം വെളിമണ്ണ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും.

