എയർഇന്ത്യയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി തെന്നിന്ത്യൻ നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ രംഗത്തെത്തിയതിന് പിന്നാലെ ക്ഷമാപണവുമായി എയർ ഇന്ത്യ. ഖുശ്ബുവിന്റെ ട്വീറ്റിന് മറുപടിയായാണ് ക്ഷമാപണം നടത്തിയത്. നിങ്ങൾക്കുണ്ടായ മോശം അനുഭവത്തിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. ഇക്കാര്യം ചെന്നൈ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എയർ ഇന്ത്യ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് തനിക്ക് നേരിട്ട ദുരനുഭവത്തേക്കുറിച്ച് ഖുശ്ബു ട്വീറ്റ് ചെയ്തത്. കാൽമുട്ടിന് പരിക്കേറ്റതിനാൽ തനിക്ക് വീൽചെയർ ആവശ്യമായിരുന്നെന്നും എന്നാൽ അത് ലഭിക്കാനായി വിമാനത്താവളത്തിൽ 30 മിനിറ്റാണ് കാത്തിരിക്കേണ്ടിവന്നതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. കാൽമുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാൻ അടിസ്ഥാനപരമായി വേണ്ട വീൽചെയർ പോലും ലഭ്യമാക്കാൻ എയർ ഇന്ത്യക്ക് കഴിഞ്ഞില്ല. മറ്റൊരു എയർലൈനിൽ നിന്ന് വീൽചെയർ കടം വാങ്ങിയാണ് തനിക്ക് നൽകിയതെന്നും ഖുശ്ബു പറയുന്നു. എയർ ഇന്ത്യ അവരുടെ സേവനങ്ങൾ ഇനിയും മെച്ചപ്പെടുത്തണമെന്നും എയർ ഇന്ത്യയെ ടാഗ് ചെയ്തുകൊണ്ട് അവർ ട്വീറ്റ് ചെയ്തു.നിരവധി പേരാണ് ഖുശ്ബുവിന്റെ ട്വീറ്റിന് പ്രതികരണവുമായി എത്തിയത്. പലരും എയർ ഇന്ത്യയിൽ നിന്ന് തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചപ്പോൾ മറ്റുചിലർ ഖുശ്ബുവിന് നേരിടേണ്ടിവന്ന പ്രശ്നത്തിൽ വിമാനക്കമ്പനിയെ കുറ്റപ്പെടുത്തി.

