‘ദ് ക്യാരവൻ’ മാഗസിന്‍റെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ച് ട്വിറ്റർ. ദില്ലിയിൽ കർഷകസമരവേദിയ്ക്ക് സമീപത്ത് വച്ച് ക്യാരവന് വേണ്ടി റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ മൻദീപ് പുനിയയെ അറസ്റ്റ് ചെയ്തതിന് പിറ്റേന്നാണ് മാഗസിന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. കർഷകസമരത്തിനിടെ റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്റ്റർ പരേഡിനിടെ കർഷകൻ മരിച്ചതെങ്ങനെ എന്നതിൽ തെറ്റായ വിവരം പങ്കുവെച്ചുവെന്നും, വർഗീയ വികാരം ഇളക്കിവിടുന്ന തരത്തിൽ ട്വീറ്റുകൾ പങ്കുവച്ചുവെന്നുമുള്ള കുറ്റങ്ങൾ ചുമത്തി, ക്യാരവൻ എഡിറ്റർ വിനോദ് കെ ജോസ്, ദ് വയർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ, ഇന്ത്യാ ടുഡേയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്‍ദീപ് സർദേശായി എന്നിവരടക്കം മുതിർന്ന പല മാധ്യമപ്രവർത്തകർക്കുമെതിരെ യുപി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നതാണ്.
നിയമപരമായി ലഭിച്ച നോട്ടീസിന്‍റെ പശ്ചാത്തലത്തിൽ ക്യാരവൻ മാഗസിന്‍റെ ട്വിറ്റർ താത്കാലികമായി മരവിപ്പിച്ചിരിക്കുന്നുവെന്നാണ് ട്വിറ്റർ ഇപ്പോൾ അറിയിക്കുന്നത്. ക്യാരവൻ എഡിറ്റർ വിനോദ് കെ ജോസ് തന്നെയാണ് ഈ വിവരം ആദ്യം ട്വിറ്ററിൽ പങ്കുവച്ചത്. ഇതോടൊപ്പം കർഷകസമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്ന കിസാൻ ഏകതാ മോർച്ച എന്ന ട്വിറ്റർ അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്. ട്വിറ്ററിന്‍റെ ഈ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.