ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പിടിയിൽ.ഇന്ന് പുലർച്ചെയാണ് പ്രധാന പ്രതി ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം. പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ദിവ്യയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്യാംലാലും പിടിയിലായത്. ദിവ്യയുടെ ഭർത്താവ് രാജേഷ്, എം.എൽ.എ. ഹോസ്റ്റലിലെ മനോജ് എന്ന് പറയുന്ന ജീവനക്കാരൻ, എം.എൽ.എ. ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരൻ അനിൽകുമാർ തുടങ്ങിയവർ ഇനിയും പിടിയിലാകാനുണ്ട്. മനോജ് വാങ്ങിനൽകിയ കാറിലാണ് ഉദ്യോഗാർഥികളെ തട്ടിപ്പിനായി എത്തിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിവിധ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകളുണ്ടെന്ന് കാണിച്ച് ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.