മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്യപ്പെട്ടതുമായി കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള വിധിയാണ് ഇതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാലത്തോളം അന്തിമ വിധിയുണ്ടാകാതിരിക്കാനാണ് ശ്രമം.
അതല്ലെങ്കിൽ ഗവർണർ ഇതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിൽ ഒപ്പുവയ്ക്കുന്നതു വരെ വിധി പറയാതെ നീട്ടിക്കൊണ്ടു പോകും. തികച്ചും നിയമവിരുദ്ധമായ ഈ വിധി ലോകായുക്തയുടെ വിശ്വാസ്യതയെ തകർക്കും. കെ.ടി.ജലീലിന്റെ ഭീഷണിയുടെ പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നും വി.ഡി.സതീശൻ പറഞ്ഞു.
മുഴുവൻ വാദവും പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്തിനായിരുന്നു ഈ ഒരു വർഷത്തെ കാലതാമസം എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ഈ കേസിൽ ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വീണ്ടും ലോകായുക്തയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഇപ്പോഴും വിധി വരുമായിരുന്നില്ല. ഒരു കാലത്തും പുറത്തു വരാത്ത വിധിയായി ഇത് മാറുമായിരുന്നു.’ – സതീശൻ ചൂണ്ടിക്കാട്ടി.