തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്തു തുടങ്ങി. പിഎഫ്ഐയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ എൻസിഎച്ച്ആർഒ ഓഫീസ് പൂട്ടി മുദ്രവയ്ച്ചു. മഹാരാഷ്ട്രയിൽ പിഎഫ്ഐയുടെ വസ്തുവകകൾ കണ്ടുകെട്ടാൻ ജില്ലാ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി. മംഗലുരു നഗരത്തിലെ 10 PFI ഓഫീസുകൾ പോലിസ് സീൽ ചെയ്തു.
കേരളത്തിലും പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ ആരംഭിച്ചു. കോഴിക്കോട് മീഞ്ചന്തയിലെയിലെ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉൾപ്പെടെ 17 ഓഫിസുകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്.നിരോധനത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാരെയും എസ്പിമാരെയും ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
അതേസമയം, ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ അവശ്യപ്പെടും. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൾ സത്താർ.