കണ്ണൂർ∙ ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു.
ഇന്നലെ വൈകിട്ട് തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നാണ് വിവരം.
സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയോയെന്ന് വ്യക്തമല്ല. മധ്യവയസ്‌കൻ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ എന്നും വ്യക്തതയില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.