ഓസ്കാർ വേദിയിൽ വെച്ച് അവതാരകൻ ക്രിസ്ററോകിന്റെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. കഴിഞ്ഞ ദിവസം അക്കാദമിയോടും സഹപ്രവര്‍ത്തകരോടും വില്‍ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ ക്രിസ് റോക്കിനോട് നേരിട്ട് മാപ്പ് പറഞ്ഞിരിക്കുകയാണ് വില്‍ സ്മിത്ത്.തന്റെ പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയാത്തതാണെന്ന് വില്‍ സ്മിത്ത് പ്രതികരിച്ചു. ഭാര്യയെ പരിഹസിച്ചപ്പോള്‍ വൈകാരികമായി പ്രതികരിച്ച് പോയതാണ്. അവതാരകന്‍ ക്രിസ് റോക്കിനോട് പരസ്യമായി മാപ്പ് പറയുന്നതായി സ്മിത്ത് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. സംഭവത്തില്‍ ഓസ്‌കര്‍ അക്കാദമി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വില്‍ സ്‍മിത്തിന്‍റെ കുറിപ്പ്
“ഏത് രൂപത്തിലുമുള്ള ഹിംസ വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ എന്‍റെ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്. എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്‍ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്‍റെ പ്രതികരണം.ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ആയിത്തീരാന്‍ ആഗ്രക്കുന്ന ഒരു മനുഷ്യന്‍ ഇങ്ങനെയല്ല. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.
അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ യാത്രയെ എന്‍റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. ഒരു വര്‍ക്ക് ഇന്‍ പ്രോഗ്രസ് ആണ് ഞാന്‍. വിശ്വസ്തതയോടെ, വില്‍.”