സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം സെക്രട്ടേറിയറ്റിലെത്തി. സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റിലെത്തിയ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നാണ് വിവരം.
സി.സി. ടി.വി. ദൃശ്യങ്ങള്‍ തേടി എന്‍.ഐ.എ. സംഘം നേരത്തേയും സെക്രട്ടറിയേറ്റിലെത്തിയിരുന്നു. ഹൗസ് കീപ്പിങ് വിഭാഗത്തിലെ സെര്വറുകളിലാണു സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി വേണമെന്ന് നേരത്തെ എന്‍.ഐ.എ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് പകര്‍ത്തി നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. എന്‍ഐഎയ്ക്ക് ആവശ്യമുള്ള ദൃശ്യങ്ങള്‍ അവര്‍ ശേഖരിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതനുസരിച്ച് പലപ്പോഴായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റിലെത്തി ഹാര്‍ഡ് ഡിസ്കുകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലും അനക്സിലുമായി 83 ക്യാമറകളാണുള്ളത്. ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതിന് ആധുനിക ഹാര്‍ഡ് ഡിസ്കുകള്‍ വാങ്ങാനായി പൊതുഭരണവകുപ്പ് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.