സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിയെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണറെ കൊണ്ട് നയപ്രഖ്യാപനം വായിപ്പിക്കില്ലെന്ന് വരെ പറഞ്ഞ സർക്കാരാണ് ഗവർണറുമായി ധാരണയിലെത്തിയത്. ഇവർ തമ്മിൽ നല്ല ഇടപെടലുകളും ധാരണകളുമുണ്ട്. സർക്കാർ ഗവർണറുമായി ചേർന്ന് പരസ്പരം കൊടുക്കൽ വാങ്ങൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
‘ഗവർണറോട് സർക്കാരിനെ വിമർശിക്കാൻ ഞങ്ങളാരും പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ജോലി ഞങ്ങൾ ചെയ്‌തോളാം. അത് ഗവർണർ ഏറ്റെടുക്കേണ്ടതില്ല. നിയമനിർമാണം ഉൾപ്പെടെ സർക്കാർ ചെയ്യുന്ന തെറ്റായ കാര്യങ്ങളെയാണ് ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഗവർണറുടെയോ സർക്കാരിന്റെ പക്ഷം ഞങ്ങൾ പിടിക്കില്ല. ഇരുവരും ഒത്തുകളിക്കുകയാണെന്നാണ് അന്നും ഇന്നും ഞങ്ങൾ പറയുന്നത്. നയപ്രഖ്യാപനം കഴിഞ്ഞതോടെ അത് ജനങ്ങൾക്കും മനസിലായി’. വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വിമർശിച്ചത് ഭരണഘടന വിരുദ്ധമായ കാര്യങ്ങളെ മാത്രമാണ്. പല മേഖലകളിലും സർക്കാർ മികച്ച പ്രവർത്തനം നടത്തുന്നുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ആരോഗ്യം സാമൂഹിക ക്ഷേമ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിവരുന്നു. സർക്കാരിനെതിരെ താൻ സംസാരിക്കുമെന്ന് ആരും കരുതേണ്ടെന്നും, ഇത് എന്റെ കൂടി സർക്കാരെന്നും ഗവർണർ പറഞ്ഞു.സർക്കാരിന് പ്രശ്നമുണ്ടാക്കണമെന്ന് താത്പര്യമില്ല. നിയമം നിർമിക്കാനുള്ള സർക്കാരിന്റെ അവകാശത്തെ ചോദ്യംചെയ്യുന്നില്ല. ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിൽ പ്രശ്‌നമില്ല. സർവകലാശാലാ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ തീരുമാനിച്ചത് ഭരണഘടനാ ബാധ്യതയനുസരിച്ചാണ്.
സമവർത്തി പട്ടികയിൽ ഉൾപ്പെട്ടതാണ് വിദ്യാഭ്യാസം. അവിടെ നിയമം കൊണ്ടുവരുമ്പോൾ കേന്ദ്ര സർക്കാരുമായി ചർച്ചചെയ്യണം. വിദ്യാഭ്യാസം സമവർത്തി പട്ടികയിൽ അല്ലായിരുന്നെങ്കിൽ ഉടൻതന്നെ ഒപ്പുവച്ചേനെ. സംസ്ഥാന സർക്കാരുമായി ഏറ്റുമട്ടലിന് സമയവുമില്ല. ഭരണഘടനയും നിയമവും അനുസരിച്ച് സർക്കാരിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നുവെന്ന് ഉറപ്പാക്കുക മാത്രമാണ് തന്റെ ജോലിയെന്നും ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.