വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ ക്രമസമാധന പ്രശ്നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പൊലീസ് ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിനെതിരെയായി സമരം തടയുന്നതിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും, നിര്‍മാണ കരാര്‍ കമ്പനി ഹോവെ എന്‍ജിനീയറിങ് പ്രൊജക്ട്‌സും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
പൊലീസും സര്‍ക്കാരും നിഷ്‌ക്രിയത്വം പാലിക്കുകയാണ് എന്നു കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
11 ദിവസമായി തുടരുന്ന സമരം തുറമുഖ നിര്‍മ്മാണത്തിന് തടസമായിട്ടുണ്ടെന്ന് അദാനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുറമുഖ നിര്‍മാണത്തിനു പാരിസ്ഥിതിക പഠനം വീണ്ടും നടത്തണം എന്ന ആവശ്യമാണ് സമരക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. എല്ലാവിധ പഠനങ്ങളും നടത്തിയ ശേഷമാണു നിര്‍മാണം ആരംഭിച്ചതെന്നു അദാനി ഗ്രൂപ്പ് കോടതിയില്‍ വ്യക്തമാക്കി.
പൊലീസ് സംരക്ഷണം നല്‍കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിക്കണം എന്ന ആവശ്യത്തില്‍ കേന്ദ സേനയുടെ ആവശ്യം ഇപ്പോള്‍ ഇല്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സുരക്ഷ നല്‍കാന്‍ കേന്ദ്ര സേനയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദാനി ഗ്രൂപ്പ് ചൂണ്ടികാട്ടി. വിഴിഞ്ഞത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയക്കേണ്ടതില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.