ആക്രമണം രൂക്ഷമായ മണിപ്പൂരിൽ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണം ഉണ്ടായതായി പോലീസ് അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരാനിരിക്കെയാണ് വീണ്ടും ആക്രമണം നടന്നത്.
മണിപ്പൂർ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രി എൽ സുസീന്ദ്രോയുടെ ചിംഗരേലിലുള്ള സ്വകാര്യ ഗോഡൗണാണ് ഒരു സംഘം ആളുകൾ ശനിയാഴ്ച തീയിട്ട് നശിപ്പിച്ചത്. ഗോഡൗൺ പൂർണമായും കത്തിനശിച്ചതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഖുറായിയിലുള്ള മന്ത്രിയുടെ വസതി ആക്രമിക്കാൻ ഒരു സംഘം ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ ഇത് തടയാനായെന്നും പോലീസ് വ്യക്തമാക്കി.
ആക്രമണം തടയാൻ സുരക്ഷാ സേന അർദ്ധരാത്രി വരെ നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായും അതേസമയം സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെൽ ഏരിയയിൽ സംസ്ഥാന വനിതാ മന്ത്രി നെംച കിപ്‌ജെന്റെ ഔദ്യോഗിക വസതി ജൂൺ 14 ന് രാത്രി അജ്ഞാതർ തീയിട്ടിരുന്നു. അടുത്ത ദിവസം കേന്ദ്രമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. രാജ്യതലസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം.