
ഒഡിഷയിൽ കാട്ടുപന്നിയെന്ന് കരുതി വെടിയുതിർത്തു, വേട്ടയ്ക്കിടെ വെടിയേറ്റ് സഹോദരി ഭർത്താവ് മരിച്ചു. ഒഡിഷയിസെ ദെൻകനാലിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ഫാസി ഗ്രാമത്തിന് സമീപത്തെ വനമേഖലയിൽ വേട്ടയ്ക്കിറങ്ങിയ സംഘം ഒപ്പമുണ്ടായിരുന്ന ഒരാളെ അബദ്ധത്തിൽ വെടിവച്ച് വീഴ്ത്തിയത്. സംഭവത്തിൽ മരിച്ചയാളുടെ ഭാര്യാ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.
47കാരനായ ഗോബിന്ദ നായിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ കലാംഗ സ്വദേശിയാണ്. ഇയാളുടെ ഭാര്യയുടെ സഹോദരനായ രമേശ് നായിക് ആണ് 47കാരനെ വെടിവച്ച് വീഴ്ത്തിയത്. വാരാന്ത്യങ്ങളിൽ ഇവർ ഒരുമിച്ച് ഫാം ഹൌസിന് സമീപത്തെ വനമേഖലയിൽ വേട്ടയ്ക്ക് പോയിരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. ഗോബിന്ദയ്ക്ക് ഫാസിയിൽ ഒരു ഫാം ഹൌസ് ഉണ്ട്. കുറ്റിക്കാടുകൾക്ക് ഇടയിൽ ഒളിച്ചിരുന്ന ചെറുജീവികളെ പുറത്ത് ചാടിച്ച് വെടിവച്ച് വീഴിക്കുന്നതിനിടെ 45കാരനായ രമേശ് നാടൻ തോക്ക് വച്ച് വെടിവച്ചത് 47കാരന് കൊള്ളുകയായിരുന്നു.
പുലർച്ചെ 2.30ഓടെ നേരിയ വെളിച്ചത്തിൽ കാട്ടുപന്നിയെന്ന ധാരണയിലാണ് രമേശ് വെടിവച്ചതെന്നാണ് ഇയാൾ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ഗോബിന്ദയുടെ നിലവിളി കേട്ടെത്തിയപ്പോഴാണ് വെടിയേറ്റത് സഹോദരി ഭർത്താവിനാണെന്ന് വിശദമായത്. തൊട്ട് പിന്നാലെ തന്നെ ഇയാൾ വിവിരം വീട്ടുകാരെ അറിയിക്കുകയും നെഞ്ചിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും ഗോബിന്ദ മരിച്ചിരുന്നു. സംഭവത്തിൽ കൊലപാതകത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.