കമൽ ഹാസനും ശിവാജി ഗണേഷനും മുഖ്യവേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം തേവർ മകൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കമൽ ഹാസൻ തിരക്കഥയൊരുക്കുന്ന ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
1992ൽ കമൽ ഹാസൻ്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു തേവർ മകൻ. സൂപ്പർ ഹിറ്റായിരുന്ന ചിത്രം നിരൂപകർക്കിടയിലും ചർച്ചയായി. നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയെന്ന വിശേഷണമാണ് പല നിരൂപകരും ചിത്രത്തിനു നൽകിയിരുന്നത്.കൾട്ട് പദവി നേടിയ ചിത്രം ദേശീയ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി.
ഫഹദ് ഫാസിൽ നായകനായെത്തിയ മാലിക് എന്ന സിനിമയാണ് മഹേഷ് നാരായണൻ അവസാനമായി സംവിധാനം ചെയ്തത്. മികച്ച സിനിമയെന്ന അഭിപ്രായങ്ങൾക്കിടയിലും ചിത്രത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് മാലിക്ക്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. മെയ് 13ന് ചിത്രം തീയറ്ററുകളിൽ റീലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തെ കൊവിഡ് ബാധയെ തുടർന്ന് ചിത്രം ഓടിടി റിലീസിലേക്ക് മാറ്റുകയായിരുന്നു.