റോട്ടോ വൈറസ് വാക്‌സിന്‍ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ സീറാം സാംബശിവറാവു കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍വഹിച്ചു. റോട്ടോ വാക്‌സിന്‍ കുട്ടികളുടെ ജന്മാവകാശമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഉള്ള കുപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ തന്നെ മുന്‍കൈയെടുത്ത് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണെമെന്നും കലക്ടര്‍ പറഞ്ഞു. നിലവില്‍ 88 ശതമാനം മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്ന കുട്ടികളുടെ എണ്ണം. ഇത് 100 ശതമാനത്തിലേക്ക് എത്തിക്കലാണ് ലക്ഷ്യമെന്നും പൂര്‍ണപിന്തുണ ഉണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. ദേശീയ തലത്തില്‍ ഒന്നടങ്കം നടത്തുന്ന ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കി വരുന്നുണ്ട്.
റോട്ടോ വൈറസ് മൂലം കുട്ടികളിലുള്ള വയറിളക്കം തടയുകയും മരണ നിരക്ക് കുറക്കുകയും ചെയ്യുക എന്നതാണ് വാക്‌സിനേഷനിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന തുക ഈടാക്കുന്ന ഈ വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നടപ്പിലാക്കും. ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ എന്‍ രാജേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോക്ടര്‍ മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ അബ്ബാസ്, പീഡിയാട്രീഷന്‍ ഡോക്ടര്‍ ഉണ്ണി, എം സി സി ഓഫീസര്‍ ഗീത എം, ജില്ലാ മാസ് മീഡിയ ഓഫീസര്‍ മണി എംപി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു