കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മധ്യവയസ്‌കനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ തീരുമാനം. ആംബുലന്‍സ് മാനന്തവാടിയില്‍ നിന്നും പുറപ്പെട്ടു. ആംബുലന്‍സിന് കടന്നുപോകാന്‍ തടസങ്ങള്‍ ഇല്ലാതെ വഴിയൊരുക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ഗുരുതര പരുക്കേറ്റത്. വെള്ളച്ചാലില്‍ പോളി(50)നെയാണ് ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആന ആക്രമിച്ചത്. പാക്കം കുറുവാ ദ്വീപ് പാതയില്‍ വനമേഖലയില്‍ ചെറിയമല കവലയിലായിരുന്നു സംഭവം. കുറുവാ ദ്വീപ് വനസംരക്ഷണ സമിതി (വി.എസ്.എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു. ഭയന്നോടിയപ്പോള്‍ താന്‍ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോള്‍ പറയുന്നത്.സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.