അനധികൃത കയ്യേറ്റമൊഴിപ്പിക്കാൻ മൂന്നാറിലേക്ക് മല കയറാനൊരുങ്ങുകയാണ് സർക്കാർ. എന്നാൽ ദൗത്യസംഘത്തിന് ഇത്തവണ കാര്യങ്ങൾ എളുപ്പമാകില്ല. ആനയിറങ്കൽ ഡാമിന്‍റെ ക്യാച്ച്മെന്‍റ് ഏരിയയിൽ മാത്രം നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമിയാണ് കയ്യേറി കൃഷി ചെയ്യുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വർഷങ്ങൾക്കുമുന്പ് സർക്കാർ തിരിച്ചു പിടിച്ച ഭൂമി പോലും ഇപ്പോൾ ചെറുതുംഅനധികൃത കയ്യേറ്റമൊഴിപ്പിക്കാൻ മൂന്നാറിലേക്ക് മല കയറാനൊരുങ്ങുന്ന സർക്കാർ വലുതുമായ കയ്യേറ്റക്കാരുടെ കൈയ്യിലാണ്. മഞ്ഞിൽ മുങ്ങിനിൽക്കുന്ന മൂന്നാർ – ബോഡിമെട്ട് ഹൈവേയിലൂടെ കയറിയിറങ്ങിച്ചെല്ലണം. നേരെയെത്തുന്നത് ആനയിറങ്കൽ ഡാമിന്‍റെ കരയിലേക്കാണ്. തേയിലത്തോട്ടവും പുൽമേടുകളും യൂക്കാലിപ്സ് പ്ലാന്‍റേഷനും അതിരിടുന്ന പശ്ചിമഘട്ട മലനിരകളും കാട്ടാനകൾ റോന്തുചുറ്റുന്ന മലയടിവാരങ്ങളുമുള്ള വശ്യമനോഹരിയായ മൂന്നാറിനോട് മുട്ടിക്കിടക്കുന്ന പ്രദേശമാണ് ആനയിറങ്കൽ. ഒറ്റനോട്ടത്തിലിതൊക്കെയാണ് കാഴ്ചകളെങ്കിലും തേയിലത്തോട്ടങ്ങൾക്കിടയിലൂടെ നൂണ്ടിറങ്ങി ഡാമിന്‍റെ വൃഷ്ടിപ്രദേശത്തേക്കിറങ്ങിച്ചെല്ലണം. അപ്പോൾ മാത്രമാണ് കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നത്. ഡാമിന്‍റെ ക്യാച്മെന്‍റ് ഏരിയയോട് ചേർന്ന നൂറുകണക്കിനേക്കർ സർക്കാർ ഭൂമിയാണ് തടാകത്തിന്‍റെ ഇരുപുറവുമായി കയ്യേറിയിരിക്കുന്നത്. യൂക്കാലിപ്സ് പ്ലാന്‍റേഷനിടയിലൂടെ എത്തിനോക്കിയാൽ തഴച്ചുവളരുന്ന ഏലത്തോട്ടങ്ങൾ കാണാം. അതിനുളളിൽ കയ്യേറ്റക്കാരുടെ താൽക്കാലിക താമസസ്ഥലങ്ങളും ഏലം സ്റ്റോറുകളും ഉണ്ട്. തടാകം കടന്ന് കയ്യേറ്റഭൂമിയിലേക്ക് കയറിച്ചെല്ലുമ്പോൾ പട്ടയഭൂമിയിലേതുപോലെ മുൾവേലി കെട്ടിത്തിരിച്ചിരിക്കുന്നു. ആരെയും തടയാൻ പാകത്തിൽ ഒറ്റയാൾ പൊക്കത്തിലാണ് സോളാർ കമ്പിവേലി സ്ഥാപിച്ചിരിക്കുന്നത്. കയ്യേറ്റമൊഴിപ്പിക്കാനുളള സർക്കാർ സംവിധാനങ്ങൾക്ക് പുല്ലുവില കൽപിച്ചാണ് ഇവിടെ കയ്യേറ്റം നടന്നിരിക്കുന്നത്. കെഎസ്ഇബി സ്ഥലമെന്ന് കുറച്ചുവർഷം മുമ്പ് ഇവിടെ ബോർഡ് സ്ഥാപിച്ച് കയ്യേറ്റമൊഴിപ്പിച്ചതാണ്. എന്നിട്ടും സർക്കാർ ഭൂമി കയ്യേറിയുളള കൃഷി ഇപ്പോഴും നിർബാധം തുടരുകയാണ്. ആനയിറങ്കൽ ഡാമിന്‍റെ കരയിൽ വെറും 47 ഏക്കർ കയ്യേറ്റമെന്നാണ് സർക്കാർ കണക്ക്. എന്നാൽ എത്രയുണ്ടെന്ന് ഇവിടെ പണിയെടുക്കുന്നവരോട് ചോദിച്ചാൽ മാത്രമേ അറിയാൻ കഴിയൂ.