വയനാട്: അമ്പലവയലിൽ പട്ടികവർഗത്തിൽപ്പെട്ട പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എഎസ്ഐക്ക് സസ്പെൻഷൻ. 17 കാരിയായ പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് അമ്പലവയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെതിരെ നടപടിയെടുത്തത്. ഡിഐജി രാഹുൽ ആർ നായരാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
പോക്സോ കേസ് ഇരയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തിൽ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്ഐ മോശമായി പെരുമാറിയത്. തെളിവെടുപ്പിനിടെ പെൺകുട്ടിയെ ഫോട്ടോ ഷൂട്ടിന് നിർബന്ധിച്ചെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു.
അതേസമയം സംഭവം നടന്ന് രണ്ടുമാസമായിട്ടും കേസിൽ എഫ്ഐആർ ഇട്ടിരുന്നില്ല. സംഭവം വിവാദമായതോടെ എഎസ്ഐ ബാബുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്.