കണ്ണൂർ തോട്ടട ഗവൺമെന്റ് ഐടിഐ കോളജിൽ എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോട്ടട ഐടിഐയിൽ ഉണ്ടായത് ക്രൂരമായ അക്രമമാണെന്നും കണ്ണൂരിൽ സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ വളർത്തുന്നുവെന്നും അദ്ദേഹം വിമർശിച്ചു. എസ്എഫ്ഐ അല്ലാത്ത എല്ലാവരെയും ആക്രമിക്കുന്നു. ഐടിഐ എസ്എഫ്ഐയുടെ ആയുധപ്പുരയാണ്. ചില അധ്യാപകർ ഇതിന് കൂട്ട് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇരകളെയാണ് പൊലീസ് ലാത്തിച്ചാർജ് ചെയ്തത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നിർദേശം അനുസരിക്കുകയാണ് പോലീസ് ചെയ്തത്. വിഷയം കോൺഗ്രസ് ഗൗരവമായി എടുക്കും. മർദ്ദനമേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ പോലും പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.
കെഎസ്‌യു കൊടിമരം എസ്എഫ്ഐ തകർത്തതിനെ ചൊല്ലിയാണ് തർക്കമുടലെടുത്തത്. തുടർന്നുണ്ടായ സംഘർഷത്തിലെ പൊലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.
34 വർഷങ്ങൾക്കുശേഷമാണ് തോട്ടട ഐടിഐയിൽ കെഎസ്‌യു യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങൾക്കു മുൻപാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. മണിക്കൂറുകൾക്കുള്ളിൽ എസ്എഫ്ഐ പ്രവർത്തകർ ഇത് പിഴുതുമാറ്റിയെന്നാണ് കെഎസ്‌യുവിന്റെ ആക്ഷേപം.പുറമേ നിന്നുള്ള യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിലെത്തിയാണ് സംഘർഷമുണ്ടാക്കിയതെന്ന് എസ്എഫ്ഐ ആരോപിച്ചു. പ്രിൻസിപ്പലിനെ കാണാനെത്തിയപ്പോൾ എസ്എഫ്ഐക്കാർ തടഞ്ഞുവെന്നും കെഎസ് യു ആരോപണം. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു. അടുത്ത വെള്ളിയാഴ്ച ഇതുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി പൊലീസ് ചർച്ച നടത്തും.