കഴിഞ്ഞ ദിവസം രാമാനാട്ടുകര മേൽപാലത്തിന് താഴെ വച്ച് കഞ്ചാവുമായി പിടി കൂടിയ പ്രതിയുടെ താമസസ്ഥലത്തു നിന്നും വീണ്ടും കഞ്ചാവ് കണ്ടെടുത്തു. ഇയാൾ താമസിക്കുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. രണ്ട് കിലോ കഞ്ചാവുമായി കാസർകോഡ് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസിൽ ശ്രീജിത്ത് ജി.സി (30) നെ കോഴിക്കോട് സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്.ഐ വിനയൻ ആർ എസി ൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് കഴിഞ്ഞ ദിവസം പിടി കൂടിയിരുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചി ട്ടുണ്ട് എന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് പ്രതിയെ അന്വേക്ഷണ ഉദ്യോഗസ്ഥനായ ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്ത്. ടി.എസി ൻ്റെ നേതൃത്വത്തിൽ ഫറോക്ക് പോലീസും ഡാൻസാഫ് ടീമും കുറ്റി കാട്ടൂരിൽ എത്തിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് പൊതിഞ്ഞ് വച്ച നിലയിൽ ഏഴ് കിലോ മൂന്നൂറ്റി പതിനഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയത്
കാസർകോഡ് ഭാഗത്ത് നിന്നും വലിയ തോതിൽ കഞ്ചാവ് കൊണ്ട് വന്ന് ജില്ലയിലെ പല ഭാഗങ്ങളിലും വാടകയ്ക്ക് റൂം എടുത്ത് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതി. അതിഥി തൊഴിലാളികൾ ഏറെയുള്ള കുറ്റിക്കാട്ടൂർ ഇതിനു വേണ്ടി തിരഞ്ഞെടുക്കുകയായിരുന്നു. പ്രതി വിൽപനക്കായി കൊണ്ടുവന്ന ആകെ ഒൻപത് കിലോ മൂന്നൂറ്റി പതിനഞ്ച് ഗ്രാം കഞ്ചാവ് ഇതിനകം പോലീസ് കണ്ടെടുത്തു . പിടി കൂടിയ കഞ്ചാവിന് വിപണിയിൽ മൂന്നര ലക്ഷം രൂപ വിലവരും
ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്ത് ടി എസിൻ്റെ നേതൃത്വത്തിലുള്ള അന്വേക്ഷണ സംഘത്തിൽ ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത് , അനീഷ് മുസ്സേൻവീട്, അഖിലേഷ്.കെ , സുനോജ് കാരയിൽ , ഷിനോജ് എം , ശ്രീശാന്ത് എൻ.കെ , അനൂജ് , സനീഷ് ഫറോക്ക് സ്റ്റേഷനിലെ പ്രജിത്ത് , ശന്തനു , സുമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
കഞ്ചാവുമായി പിടികൂടിയ ശ്രീജിത്ത് 12 വർഷം മുമ്പ് കോഴിക്കോട് ജില്ലയിലേക്ക് കാസർകോഡ് നിന്നും ഹോട്ടൽ ജോലിക്ക് വന്നതാണ്. പിന്നീട് പാളയം ഭാഗത്ത് നിന്നും കഞ്ചാവ് ചെറിയ പൊതികളാക്കി വിൽപന നടത്തിയ അന്നത്തെ പയ്യൻ ഇന്ന് കിലോ കണക്കിന് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ്. കാറ്ററിംഗ് നടത്തിപ്പുകാരനാണെന്ന് പറഞ്ഞാണ് ജില്ലയിലെ പല ഭാഗങ്ങളിലും ഇയാൾ റൂം എടുക്കുന്നത് . റൂം എടുത്ത ശേഷം കഞ്ചാവ് അവിടെ സ്റ്റോക്ക് ചെയ്ത് വിതരണം ചെയ്യുന്ന രീതിയാണ്. ആർഭാടജീവിതം നയിക്കാൻ പണം കണ്ടെത്താനാണ് ഇയാൾ ലഹരി കച്ചവടം തുടങ്ങിയത്.
ലഹരിക്കെതിരെ കോഴിക്കോട് സിറ്റിയിലെ ലോഡ്ജുകളിലും , മാളുകളിലും , മാസ വാടകയ്ക്ക് കൊടുക്കുന്ന റൂമുകളിലും അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് നാർക്കോടിക്ക് സെൽ അസി : കമ്മീഷണർ കെ. എ ബോസ് പറഞ്ഞു.