തമിഴ്‍നാട്: കുടുംബത്തിൽ പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് അച്ഛനും മുത്തശ്ശിയും ആത്മഹത്യ ചെയ്തു. തമിഴ്‍നാട് ജോലാർപേട്ടിനടുത്തുള്ള മണ്ഡലവാടി ഗ്രാമത്തിൽ താമസിക്കുന്ന മുരളി (27) ഒരു വർഷം മുമ്പാണ് ഇന്ദുജയെ (20) വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചതിനെ തുടർന്ന് മുരളിയും മുരളിയുടെ അമ്മ ശിവകാമി (55)യുമാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിൽ മനംനൊന്താണ് ആത്മഹത്യ എന്ന് കാരുതുന്നതായി പൊലീസ് പറഞ്ഞു.
ശേഖറിൻറെ ഭാര്യ ശിവകാമി(55)യുടെ മൂന്നാമത്തെ മകനാണ് മുരളി. ഇവരുടെ മൂത്ത രണ്ട് ആൺ മക്കളും വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ദുജ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ കാണാൻ അമ്മ ശിവകാമിയും മുരളിയും തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ എത്തിയിരുന്നു. പെൺകുട്ടി ജനിച്ചതിൽ ഇരുവരും ഏറെ നിരാശരായിരുന്നു. കുട്ടിയെ സന്ദർശിച്ച് തിരിച്ചെത്തിയ അമ്മയും മകനും കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ കോഴിക്കറിയിൽ വിഷം ചേർത്ത് കഴിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ടും വീട് തുറക്കാത്തതിനെ തുടർന്ന് അയൽവാസികൾ ജോലൂർപേട്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വീടിനിൻറെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോളാണ് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.