ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് കോക്രോച്ച് ജനത പാര്‍ട്ടി നേതാവ് അഭിജീത് ദീപ്‌കെ ജന്തര്‍ മന്ദറില്‍ എത്തി. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് സിജെപിയുടെ ഔദ്യോഗിക പ്രതിനിധികളില്‍ ഒരാളായ വിജേതാ ദഹിയ പറഞ്ഞു. നിലവില്‍ സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ ജന്തര്‍ മന്ദറില്‍ എത്തിയിട്ടുണ്ട്.
പാര്‍ലമെന്റിലേക്കല്ല, ജന്തര്‍ മന്ദറിലേക്ക് വരണമെന്ന് സൗരവ് ദാസ് സിജെപി അനുകൂലികളോട് ആഹ്വാനം ചെയ്തു. ഡല്‍ഹിയിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ ഡല്‍ഹി പൊലീസുമായി സംസാരിച്ചു. വന്‍ പൊലീസ് സന്നാഹത്തോടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഭിജീത് പുറത്തിറങ്ങിയത്.
ഡോ. ബി.ആര്‍ അംബേദ്കറുടെ ‘എന്റെ ആത്മകഥ’ ഉയര്‍ത്തിപിടിച്ചാണ് അഭിജീത് ഡല്‍ഹിയിലെത്തിയത്. എല്ലാവരും ജന്തര്‍ മന്ദറിലേക്ക് എത്തണമെന്നും പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും അഭിജീത് ദീപ്കെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും ദീപ്കെ ആവര്‍ത്തിച്ചു.
പ്രതിഷേധ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. ജന്തര്‍ മന്ദറിലുടനീളം 2000ഓളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരുടെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കും.

