സിപിഎം പാർട്ടികോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന തീരുമാനം കെ വി തോമസ് നാളെ പറയാനിരിക്കെ പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ.വി.തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെയും കെ.വി.തോമസിനോട് സംസാരിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ.വി.തോമസ് എന്നോട് പറഞ്ഞത്. കെ.വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സി പിഎമ്മിന്. അവരോട് സഖ്യത്തിൻ്റെ ആവശ്യമില്ല. സ്വന്തം പാർട്ടി പ്രവർത്തകരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈ കൊടുക്കാൻ ആകില്ലെന്നും സുധാകരൻ പറഞ്ഞു.