പശ്ചിമ ബംഗാളിൽ വീണ്ടും ബലാത്സംഗക്കൊല. നാലാം ക്ലാസുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ട്യൂഷൻ ക്ലാസിൽ നിന്ന് മടങ്ങിവരികയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഗംഗാനദിയുടെ തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സൗത്ത് 24 പർഗാനാസിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരാണ് പെൺകുട്ടിയെ കാണാതായത്. രാത്രി 9 മണിയോടെയാണ് പൊലീസ് ഈ വിവരം അറിയുന്നത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പ്രതി പൊലീസ് പിടിയിലാകുകയും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് വലിയ ജനരോഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. അക്രമാസക്തരായ ആൾക്കൂട്ടം ഒരു പൊലീസ് ക്യാമ്പ് ആക്രമിക്കുകയും തീയിടുകയും ചെയ്തതായാണ് വിവരം.
